മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനെതിരെ പോലീസിൽ പരാതി. ഡൽഹിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ എന്നയാൾ ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്‌ക്ക് പരാതി നൽകി.
ആമിറിനെ കൂടാതെ പാരാമൗണ്ട് പിക്ചർ പ്രൊഡക്ഷൻ ഹൗസിന്റെയും മറ്റും പേരുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ‘ലാൽ സിങ് ഛദ്ദ’ എന്ന ചിത്രം ഇന്ത്യൻ സൈന്യത്തിന്റെയും ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടുത്തിയെന്ന് അഭിഭാഷകൻ ആരോപിച്ചു.
ചിത്രത്തിൽ ആക്ഷേപകരമായ നിരവധി ഉള്ളടക്കങ്ങളുണ്ടെന്ന് പരാതിയിൽ പറയുന്നു. ആമിർ ഖാൻ, സംവിധായകൻ അദ്വൈത് ചന്ദൻ, പാരാമൗണ്ട് പിക്ചേഴ്സ് പ്രൊഡക്ഷൻ ഹൗസ് എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 153, 153 എ, 298, 505 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
‘കാർഗിൽ യുദ്ധത്തിൽ പോരാടാൻ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി ഈ സിനിമയിൽ കാണിക്കുന്നു. കാർഗിൽ യുദ്ധം ചെയ്യാൻ ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികരെയാണ് അയച്ചതെന്ന് എല്ലാവർക്കും അറിയാം. കഠിനമായ പരിശീലനത്തിന് ശേഷമാണ് സൈനികർ യുദ്ധത്തിൽ പങ്കെടുത്തത്. എന്നാൽ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം സാഹചര്യമൊരുക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെന്നും വിനീത് ആരോപിക്കുന്നു.
















Comments