ന്യൂഡൽഹി: ‘ആസാദ് കശ്മീർ’ പരാമർശം നടത്തിയ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ ഡൽഹിയിൽ പരാതി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ജി.എസ് മണിയാണ് പരാതി നൽകിയത്. ഡൽഹി തിലക് മാർഗ് പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം പരാതി സമർപ്പിച്ചത്.
അതേസമയം വിവാദത്തിന് കാരണമായ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചെങ്കിലും തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് എംഎൽഎ. നാടിന്റെ നന്മയെ കരുതി പോസ്റ്റ് പിൻവലിക്കുകയാണെന്ന് പറഞ്ഞ ജലീൽ വിവാദത്തിന് കാരണമായ പരാമർശം തിരുത്താൻ തയ്യാറായിട്ടില്ല. ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്‌ക്ക് ഇടവരുത്തി, ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തു, അതിനാൽ നാടിന്റെ നന്മയ്‌ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പോസ്റ്റ് പിൻവലിക്കുന്നുവെന്നാണ് ജലീൽ പറഞ്ഞത്. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച സാഹചര്യത്തിൽ പരാതി പിൻവലിക്കാൻ അഭിഭാഷകൻ ജിഎസ് മണിയും തയ്യാറായിട്ടില്ല. പരാതി നൽകിയത് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാൻ അല്ലെന്നും നിയമനടപടി സ്വീകരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments