മുംബൈ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജോലിക്കാർക്ക് പുതിയ നിർദ്ദേശവുമായി മഹാരാഷ്ട്ര. സർക്കാർ ജോലിക്കാർ ഇനി മുതൽ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ഹലോയ്‌ക്ക് പകരം വന്ദേമാതരം പറയണമെന്നാണ് നിർദ്ദേശം.
സാംസ്‌കാരിക മന്ത്രി സുധീർ മുങ്ഗന്തിവാരാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
‘ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. അത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല. അത് എല്ലാ ഇന്ത്യക്കാരും അനുഭവിക്കുന്ന ഒന്നാണ്. നമ്മൾ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്.അതിനാൽ, ‘ഹലോ’ എന്നതിന് പകരം സർക്കാർ ഉദ്യോഗസ്ഥർ ഇനിമുതൽ ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ താത്പര്യപ്പെടുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ വികസനം പൂർണ്ണമായത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസും സംയുക്തമായിട്ടാണ് വകുപ്പുകൾ പ്രഖ്യാപിച്ചത്. ഗവർണർ ഭഗത് സിംഗ് കോഷിയാരി മന്ത്രിസഭാ വികസന പട്ടികയ്‌ക്ക് അംഗീകാരം നൽകിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി ഷിൻഡേയാണ് പൊതുഭരണവകുപ്പ്, നഗരവികസനം, വിവരസാങ്കേതിക-പബ്ലിക് റിലേഷൻ, പൊതുമരാമത്ത് എന്നിവയും മറ്റ് മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകളും കൈകാര്യം ചെയ്യും . ആഭ്യന്തരം, ധനകാര്യം, ആസൂത്രണം, നിയമകാര്യം,ജലശക്തി, പ്രതിരോധ മേഖല വികസനം, നിർമ്മാണം, ഊർജ്ജം, പ്രോട്ടോക്കോൾ എന്നീ വകുപ്പ് ദേവേന്ദ്ര ഫഡ്നാവിസും കൈകാര്യം ചെയ്യും. ഇരുപാർട്ടികളിൽ നിന്നും 9 വീതം പേർക്കാണ് ആദ്യഘട്ടത്തിൽ മന്ത്രിപദവി നൽകിയിരിക്കുന്നത്.
Comments