കൊച്ചി: കുർബാന പരിഷ്‌കാരത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ. രണ്ടാഴ്ചത്തേക്ക് നീണ്ടു നിൽക്കുന്ന സിനഡ് സമ്മേളനമാണിത്.
സിനഡിലെ പ്രധാന അജണ്ടകളിൽ ഒന്ന് കാർഷിക മേഖലയിലെ പ്രശ്‌നങ്ങളാണ്. ബഫർസോൺ വിഷയത്തിൽ സഭ സ്വീകരിക്കണ്ട നിലപാടുകളും സിനഡിൽ ചർച്ചയാകും. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയും സിനഡും തമ്മിൽ നിലനിൽക്കുന്ന ഭിന്നതകൾ സിനഡ് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.
സിനഡ് തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ നേരിട്ട് പുറത്താക്കിയിരുന്നു. സിനഡിന്റെ വാശിയാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് കത്തെഴുതിയ കരിയിലും സിനഡിനെതിരെ രംഗത്ത് വന്നു. ഈ സാഹചര്യവും സിനഡ് യോഗത്തിൽ ചർച്ച ചെയ്‌തേക്കും. കഴിഞ്ഞദിവസം പുതിയ അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചതും സിനഡിൽ ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. വിഷയത്തിൽ പല ബിഷപ്പുമാരും കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു.
സെമിനാരി പരിശീലനം, പ്രേഷിത പ്രവർത്തനം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകൾ സിനഡിൽ ഉണ്ടാകുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുപ്പതാമത് സിനഡിന്റെ രണ്ടാം പാദ സമ്മേളനത്തിൽ 61 ബിഷപ്പുമാരാണ് പങ്കെടുക്കുക. കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം.
















Comments