ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ”തല്ലുമാല” തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മുന്നേറുകയാണ്. ഇതുവരെയുളളതിൽ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിൽ എത്തിയ ടൊവിനോയും ഫ്രീക്കത്തിയായ കല്യാണി പ്രിയദർശനും ഏറെ വേഗത്തിലാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. ഇത്തരം ചിത്രങ്ങളിൽ നേരത്തെയും വേഷമിട്ട ആന്റണി വർഗീസിനെ എന്തുകൊണ്ട് തല്ലുമാലയിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യവും അതോടൊപ്പം ഉയരുന്നുണ്ട്. കല്യാണത്തിന്റെ ഇടിയിലെങ്കിലും പെപ്പെയെ ഗസ്റ്റായി വിളിക്കാമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ ഇപ്പോഴിതാ തല്ലുമാലയുടെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ആന്റണി വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ”തല്ലുകൂടി ഹിറ്റടിച്ച്. എതിരെ ഇടിക്കാൻ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്” എന്നാണ് ആന്റണി വർഗീസിന്റെ പോസ്റ്റ്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ സീനാണ് ആന്റണി വർഗീസ് പരാമർശിച്ചത്. ”തലൈവാ നീങ്കളാ” എന്ന് ടൊവിമോ തോമസും കമന്റ് ചെയ്തിട്ടുണ്ട്.
മണവാളൻ വസീം എന്നാണ് സിനിമയിലെ ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Comments