ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. ഒപ്പം കേരളക്കരയ്‌ക്ക് ഇന്ന് കർഷക ദിനം കൂടെയാണ്. ഓണ പുലരികളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. ചിങ്ങം എത്തിയതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.
കൊല്ലവർഷത്തെ ആദ്യ മാസമാണ് ചിങ്ങം. അതിനാൽ തന്നെ കൊറോണ സാഹചര്യത്തിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ് നാട്. പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. ഒരു കാലത്ത് ചിങ്ങമാസത്തിലെ പ്രധാന വിശേഷം കൊയ്‌ത്തായിരുന്നു. എന്നാൽ ഭഷ്യവസ്തുക്കൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്ന നമുക്ക് കൊയ്‌ത്ത് അന്യമായിരിക്കുന്നു.
കേരളീയരുടെ ഉത്സവമായ ഓണം ചിങ്ങമാസത്തിലാണ്. കേരളീയർ ഓണമായി ആഘോഷിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണനാളാണ്. ചിങ്ങം എത്തിയാൽ നാടും നഗരവും പൂക്കൾ കൊണ്ട് നിറയും. അത്തം കൂടെ എത്തിയാൽ പിന്നെ ഒരു ഉത്സവ മേളമാണ്. അത്തപൂവും, ഊഞ്ഞാലും തുടങ്ങി പത്ത് ദിവസം പിന്നെ മലയാളികൾ കടന്ന് പോകുന്നത് ആഘോഷ രാവിലൂടെയും. അത്തം പത്തിനാണ് തിരുവോണം. ഈ വർഷത്തെ തിരുവോണം സെപ്റ്റംബർ 8 നാണ്.
സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. നക്ഷത്രരാശികൾക്ക് അനുസരിച്ചാണ് മാസങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാള മാസമായ ചിങ്ങം വരിക.സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്.
















Comments