അൾജിയേഴ്‌സ്: വടക്കൻ അൾജീരിയയിൽ കാട്ടുതീയിൽപ്പെട്ട് 26 പേർ കൊല്ലപ്പെട്ടു. നിരവധി പേരാണ് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അൾജീരിയയിലെ 14 ജില്ലകളിൽ കാട്ടുതീ നാശം വിതച്ചതായി ആഭ്യന്തര മന്ത്രി കമൽ ബെൽജൗദ് പറഞ്ഞു. ടുണീഷ്യയുടെ അതിർത്തിക്കടുത്തുള്ള എൽ ടാർഫിലെ തീപ്പിടുത്തത്തിൽ 24 പേരും സെറ്റിഫിലിൽ 2 പേരുമാണ് മരണപ്പെട്ടത്.
അൾജീരിയയുടെ ടുണീഷ്യയുമായുള്ള അതിർത്തിക്കടുത്തുള്ള കിഴക്ക് സൂഖ് അഹ്‌റാസിൽ തീ ആണയ്‌ക്കുന്നതിനായി അഗ്നിശമന ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. സൂഖ് അഹ്‌റാസിൽ നാല് പേർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. 41 പേരെ ഗുരുതര ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇവിടെ നിന്നും 350-ലധികം ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ തീപിടിത്തത്തിൽ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച് പുതിയ കണക്കുകൾ ഒന്നും വന്നിട്ടില്ല.
14 ജില്ലകളിലായി 39 തീപിടുത്തങ്ങളാണ് രണ്ട് ദിവസത്തിനിടയിൽ സംഭവിച്ചിട്ടുള്ളത്. എൽ ടാർഫിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ മാത്രം 16 തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൂഖ് അഹ്‌റസ് ഉൾപ്പെടെ മൂന്ന് പ്രദേശങ്ങളിൽ തീ അണയ്‌ക്കുന്നതിനായി ഹെലികോപ്റ്റുകൾ ഉപയോഗിക്കുന്നു. ഓഗസ്റ്റ് ആരംഭം മുതൽ, അൾജീരിയയിൽ 106 തീപ്പിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനോടകം രാജ്യത്ത് 2,500 ഹെക്ടറിലധികം വനപ്രദേശങ്ങൾ നശിച്ചതായും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം, വടക്കൻ അൾജീരിയയിൽ 100,000 ഹെക്ടറിലധികം വനപ്രദേശങ്ങൾ കാട്ടുതീയിൽ നശിക്കുകയും 90 പേർ മരിക്കുകയും ചെയ്തിരുന്നു.
















Comments