ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യാ സന്ദർശനം തുടരുന്നു. ഇന്നലെ മോസ്‌കോവിലെത്തിയ ഡോവലിന്റെ സന്ദർശനം യുക്രെയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഏറെ നിർണ്ണായകമാണ്. റഷ്യയുടെ ദേശീയ ഉപദേഷ്ടാവ് നിക്കോളായ് പാത്രൂഷേവുമായും ഉപ പ്രധാനമന്ത്രി ഡെനീസ് മാണ്ടൂറോവുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടേയും സുരക്ഷാ കൗൺസിൽ യോഗങ്ങളുടെ ഇടവേളകൾ കുറയ്‌ക്കാനും പരസ്പരം പങ്കാളിത്തം വർദ്ധിപ്പിക്കാനുമാണ് നീക്കം നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു
ഇന്ത്യയ്‌ക്ക് എസ്-400 അടക്കമുള്ള പ്രതിരോധ ഉപകരണം നൽകിയും എണ്ണ ഇറക്കുമതിയിൽ വിലയിൽ കുറവു വരുത്തിയും റഷ്യ സമീപകാലത്ത് നടത്തിയ നീക്കം ഏറെ ചർച്ചയാ യതാണ്. പുടിൻ-നരേന്ദ്രമോദി ബന്ധമാണ് മറ്റെല്ലാ രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് ഇന്ത്യയ്‌ക്ക് എണ്ണ ലഭിക്കാൻ കാരണമായത്. ഇന്ത്യയുമായുള്ള പ്രതിരോധ-വാണിജ്യ ബന്ധം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ മേഖലയിലെ ചൈനയുടെ പ്രകോപനങ്ങളും ചർച്ചയായെന്നാണ് സൂചന.
ഇന്ത്യ-റഷ്യ സുരക്ഷാവിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ഒപ്പം ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകളിൽ റഷ്യയ്‌ക്കുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമവും ഫലപ്രദമായി അവതരിപ്പിക്കാൻ ഇന്ത്യയ്‌ക്കായെന്നാണ് നിഗമനം. യൂറോപ്പിൽ നിന്നുള്ള ഉപരോധം ശക്തമായിരിക്കേ ഏഷ്യൻ മേഖലയിലെ ഇന്ത്യയുടെ പങ്കാളിത്തം മറ്റ് ചെറുരാജ്യങ്ങളിലേയ്‌ക്കുള്ള റഷ്യയുടെ വാണിജ്യ ബന്ധത്തിനും ഒരു പാലമായി പ്രവർത്തിക്കുകയാണ്.
ബഹിരാകാശ നയത്തിൽ ചാന്ദ്രയാന്റെ ദൗത്യവുമായി മുന്നേറുന്ന കാലയളവിലും ഡോവലിന്റെ സന്ദർശനം നിർണ്ണായകമാണ്. ഇന്ത്യയ്‌ക്ക് എല്ലാ സാങ്കേതിക സഹായവും നൽകുന്നത് റഷ്യൻ ബഹിരാകാശ ഏജൻസിയാണ്. അഫ്ഗാനിലെ താലിബാൻ അധിനിവേശ സമയത്ത് ഒരേ ദിവസം അമേരിക്കയുടേയും റഷ്യയുടേയും സുരക്ഷാ ഉപദേഷ്ടാക്കൾ ഇന്ത്യയിലെത്തിയത് ഇസ്ലാമിക രാജ്യങ്ങളെ അമ്പരിപ്പിച്ചിരുന്നു. അജിത് ഡോവലുമായി മേഖലയിലെ ഭീകരതയെ തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ റഷ്യ സുപ്രധാന തീരുമാനങ്ങളെടുത്തിരിക്കുകയാണ്.
















Comments