ന്യൂഡൽഹി: നേതാജിയുടെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി മകൾ അനിതാ ബോസ് രംഗത്ത്. ടോക്യോയിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മത്തിന്റെ ഡി എൻ എ പരിശോധന ആവശ്യപ്പെട്ട് ഇന്ത്യൻ ഗവണ്മെൻ്റിനെയും ജാപ്പനീസ് ഗവണ്മെൻ്റിനെയും സമീപിക്കുമെന്നും അനിത ബോസ് പറഞ്ഞു.
നേതാജിയുടെ മകൾ എന്ന നിലയിൽ, ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹത നീക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അവർ അനുഭാവപൂർവ്വമായ സമീപനമായിരുന്നില്ല പ്രകടമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ ബിജെപി സർക്കാരിന്റെ കാഴ്ചപ്പാടിൽ വിശ്വാസമുണ്ടെന്നും അവർ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സുപ്രധാന ഇടപെടലായിരുന്നു 2016ൽ ആഭ്യന്തര വകുപ്പ് പുറത്തു വിട്ട 100 ഫയലുകൾ. ഇതിൽ തുടർ നടപടികൾ ഉണ്ടാകണമെന്നും വസ്തുതകൾ പുറത്ത് വരണമെന്നുമാണ് മകളുടെ ആവശ്യം. 1945 ഓഗസ്റ്റ് 18ന് ടോക്യോയിൽ വെച്ചുണ്ടായ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടു എന്നാണ് നിലവിൽ ലഭ്യമായിരിക്കുന്ന വിവരം.
Comments