ചണ്ഡീഗഢ്: സ്വകാര്യ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആപ്പിലായി ആംആദ്മി എംഎൽഎ ഹർമീത് സിംഗ്. മുൻപ് വിവാഹിതനായ കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്ന് ആരോപിച്ച് ഹർമീതിന്റെ രണ്ടാം ഭാര്യ പരാതി നൽകിയിരുന്നു.
എന്നാൽ ഇത് വ്യാജമായ പരാതിയാണെന്നും മുൻപ് വിവാഹിതനായ കാര്യവും വിവാഹമോചനം നേടിയ കാര്യവും പറഞ്ഞാണ് യുവതിയുമായി ബന്ധം പുലർത്തിയതെന്ന് പറഞ്ഞ് ഹർമീത് രംഗത്തെത്തി. പിന്നാലെയാണ് സ്വകാര്യ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തായത്. തന്നെ വഞ്ചിച്ച് രണ്ടാം ഭാര്യ വീഡിയോ റെക്കോർഡ് ചെയ്യുകയും അത് പിന്നീട് അവർ തന്നെ പുറത്ത് വിടുകയുമായിരുന്നുവെന്ന് എംഎൽഎ ആരോപിച്ചു. സ്വകാര്യ നിമിഷങ്ങൾ പകർത്തി പൊതുജനങ്ങളുടെ അടുത്തെത്തിച്ച് അപകീർത്തിപ്പെടുത്തിയെന്ന് പാട്യാല എംഎൽഎ പറഞ്ഞു.
എന്നാൽ 2021 ഓഗസ്റ്റ് 14 ന് വിവാഹിതരായെന്ന് കാണിച്ച് രണ്ടാം ഭാര്യയായ ഗുർപ്രീത് കൗർ പരാതി നൽകി. വിവാഹസമയത്ത് തന്റെ ആദ്യ പങ്കാളിയുമായുള്ള ബന്ധം നിയമപരമല്ലെന്നും തന്നോടൊപ്പമുള്ള ബന്ധമായിരിക്കും യഥാർത്ഥത്തിൽ ഭാര്യ-ഭർതൃ ബന്ധമെന്നും എംഎൽഎ ഉറപ്പ് നൽകിയിരുന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം തന്റെ കൂടെയുള്ള പങ്കാളിയോട് വസതി വിട്ട് പോകുവാൻ ആവശ്യപ്പെടുമെന്നും എല്ലാ അവകാശങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നതായും യുവതി ആരോപിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഹർമീത് സിംഗും രണ്ടാം ഭാര്യയും രംഗത്തെത്തുമ്പോൾ ആപ്പിലായിരിക്കുന്നത് ആംആദ്മിയാണ്.
















Comments