തിയേറ്ററിലെ മോശം പ്രകടനത്തിന് പിന്നാലെ എച്ച് ഡി പ്രിൻ്റും ചോർന്നു; ദുരന്തമായി തപ്സി പന്നു- അനുരാഗ് കശ്യപ് ടീമിന്റെ ‘ദൊബാര’- Tapsee Pannu’s movie ‘Dobaaraa’ leaked online

Published by
Janam Web Desk

മുംബൈ: തപ്സി പന്നു, പവൈൽ ഗുലാത്തി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൊബാരയ്‌ക്ക് ഇരട്ട പ്രഹരം. നിരൂപക പ്രശംസ നേടിയെങ്കിലും പ്രേക്ഷകർ കൈവിട്ടതിന് പിന്നാലെ, ചിത്രത്തിന്റെ എച്ച് ഡി പ്രിൻ്റും ചോർന്നു. മിസ്റ്ററി- ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ വ്യാജ പ്രിൻ്റുകൾ തമിഴ് റോക്കേഴ്സ്, മൂവി റൂൾസ് എന്നീ ഓൺലൈൻ സൈറ്റുകളിലും ടെലിഗ്രാമിലെ വിവിധ ചാനലുകളിലും പ്രചരിക്കുകയായിരുന്നു. ഇവ വ്യാപകമായി ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കപ്പെടുകയാണ്.

ദൊബാരയ്‌ക്ക് തിയേറ്ററുകളിൽ മോശം സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യ ദിവസം പോലും റിലീസ് കേന്ദ്രങ്ങളിൽ മൂന്ന് ശതമാനം ടിക്കറ്റുകൾ മാത്രമേ വിറ്റ് പോയിരുന്നുള്ളൂ. മിസ്റ്ററി- ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദൊബാരയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താൻ ചിത്രത്തിന് സാധിച്ചില്ല എന്നാണ് വിവരം.

തിയേറ്ററിലെ മോശം പ്രകടനത്തിന് പിന്നാലെ എച്ച് ഡി പ്രിൻ്റും ചോർന്നതോടെ, ചിത്രം സാമ്പത്തികമായി വലിയ പരാജയമായി മാറുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 50 കോടി മുതൽമുടക്കിൽ എത്തിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ വെറും 72 ലക്ഷം രൂപയായിരുന്നു. ഓഗസ്റ്റ് 19നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Share
Leave a Comment