ന്യൂഡൽഹി: വായ്പ നൽകി പണം കൈക്കലാക്കുന്ന ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിലുള്ള സംഘം കൊള്ളയടിച്ചത് 500 കോടി രൂപ. രണ്ടുമാസമായി നടത്തിവരുന്ന ഓപ്പറേഷനിൽ ഇതുവരെ 22 പേരെ പിടികൂടിയതായി ഡൽഹി പോലീസ് വ്യക്തമാക്കി.
ഇൻസ്റ്റന്റ് ലോണിന്റെ മറവിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്.ചൈനീസ് പൗരന്മാരുടെ നിർദ്ദേശപ്രകാരമാണ് തട്ടിപ്പിന്റെ ആസൂത്രണവും പ്രവർത്തനവും. ഹവാല,ക്രിപ്‌റ്റോകറൻസി എന്നിവ വഴിയാണ് തട്ടിയെടുത്ത പണം ചൈനയിലേക്ക് എത്തുന്നത്.
ഉയർന്ന പലിശനിരക്കാണെങ്കിലും വായ്പ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഭീമമായ പലിശ സഹിതം തുക അടിച്ചാലും മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.
100 ലധികം ആപ്പുകളാണ് റാക്കറ്റിലുൾപ്പെട്ടിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ, കോൺടാക്ടുകൾ,സന്ദേശങ്ങൾ,ചിത്രങ്ങൾ എന്നിവയിലേക്ക് കടക്കാനുള്ള ആക്‌സസ് ഉള്ളവയാണ് ആപ്പുകൾ. വായ്പ എടുക്കുന്നതോടെ ചൈനയിലും ഹോങ്കോങ്ങിലും നിലയുറപ്പിച്ചിട്ടുള്ള സംഘം തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കും. അപേക്ഷ നൽകി 10 മിനിറ്റിനുള്ളിൽ വായ്പ ലഭിക്കുന്നതിനാലാണ് പലരും ആപ്പുകൾ തേടിപോകുന്നത്.
മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർന്ന് ഹവാല വഴിയോ ക്രിപ്‌റ്റോകറൻസി വഴിയോ പണം വാങ്ങിക്കുന്നു. 5000-10000 രൂപവരെയുള്ള ചെറിയ വായ്പകൾ വാങ്ങിയവർ വരെ ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്.
സംഘം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകൾക്കും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും പോലീസ് കണ്ടെത്തയിട്ടുണ്ട്. പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ സംഘം അവരുടെ റിക്കവറി കോൾ സെന്ററുകൾ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോർട്ട്.
















Comments