തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് 50 ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കുകയാണ് എന്നാണ് സർക്കാരിന്റെ പ്രതികരണം.
തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രിയുടെ മൂക്കിന്റെ തുമ്പത്ത് നടന്ന ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനാകാത്തത് വലിയ നാണക്കേടിന് കാരണമാകുന്നുണ്ട്. പടക്കമേറിന് പിന്നിൽ സഖാക്കൾ തന്നെയായതാണ് അക്രമിയെ പിടിക്കാൻ വൈകുന്നതിന്റെ കാരണമെന്നുള്ള ആക്ഷേപവും ശക്തമാണ്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മിന്റെ തന്നെ ഗൂഢാലോചനയാണെന്ന് തെളിയിക്കുന്ന തെളിവുകൾ ജനം ടിവി നേരത്തെ പുറത്ത് വിട്ടിരുന്നു.
അതേസമയം എകെജി സെന്റർ ആക്രമണം നടന്നിട്ട് അമ്പത് ദിവസം പിന്നിടുന്ന ഇന്ന് ദിനാചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഫേസ്ബുക്ക് പേജ്. എകെജി സെന്റർ ആക്രമണത്തിന്റെ ഓരോ ദിവസത്തെയും അപ്ഡേറ്റ് അറിയാനുള്ള പേജ് എന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ഡെയിലി അപ്ഡേറ്റ്സ് എകെജി സെന്റർ കേസ് എന്ന പേജാണ് ദിനാചരണവും മീം മത്സരവും പ്രഖ്യാപിച്ചിരിക്കുന്നത്.
മീം മത്സരത്തിൽ വിജയിക്കുന്ന മൂന്ന് പേർക്ക് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സര നിബന്ധനകളും പേജില് വിശദമായി നൽകിയിട്ടുണ്ട്. ഒന്ന്, യോജിച്ച ഒരു ‘കിട്ടിയില്ല’ മീം തയ്യാർ ആക്കുക. രണ്ട്, മീം നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുക. മൂന്ന്, @akgbombblast എന്ന പേജിനെ ടാഗ് ചെയ്യുക. എന്നാണ് പേജിൽ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതികളെ പിടിക്കാത്തതിനെ പരിഹസിച്ച് കിട്ടിയോ എന്ന വാചകം ഉപയോഗിച്ച് മീമുകൾ പോസ്റ്റ് ചെയ്താണ് പേജ് ശ്രദ്ധ നേടിയത്.
















Comments