ബ്രെയിൻ സ്‌ട്രോക്ക് മൂലം കോമ സ്‌റ്റേജിൽ എത്തിയ വീട്ടമ്മയുടെ ആശുപത്രിയിലെ ചെലവുകളെല്ലാം ഏറ്റെടുത്ത് മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ്. മണപ്പുറം ഗ്രൂപ്പ് ഉടമ നന്ദകുമാറിന്റെ വീട്ടിൽ ഹോം നേഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടമ്മയുടെ ആശുപത്രി ബില്ലാണ് കമ്പനി അടച്ചുതീർത്തത്. പണ്ട് വീട്ടിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിക്ക് ദുരിതം വന്നപ്പോൾ എന്തെങ്കിലും കൊടുത്ത് ഒഴുവാക്കുന്നതിന് പകരം അവരുടെ എല്ലാ ചെലവുകളും ഏറ്റെടുത്ത കമ്പനി ഉടമയുടെ മഹാമനസ്‌കതയെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാമൂഹിക പ്രവർത്തകനും വാർഡ് മെമ്പറുമായ രാജീവ് കേരളശ്ശേരിയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
ബ്രെയിൻ സ്‌ട്രോക്ക് മൂലം അബോധാവസ്ഥയിലായ വീട്ടമ്മയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. കോമ സ്‌റ്റേജിലായ വീട്ടമ്മയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. ആദ്യ ദിവസം തന്നെ ആശുപത്പിയിലെ ബില്ല് അര ലക്ഷം രൂപ കടന്നിരുന്നു. സാമ്പത്തികമായി പിന്നോട്ടായിരുന്ന കുടുംബത്തിന് ഇത്രയും വലിയ ചെലവ് താങ്ങാനാവില്ലെന്ന് വ്യക്തമായതോടെ സാമ്പത്തിക സഹായത്തിന് വേണ്ടി താൻ മണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ടുവെന്ന് രാജീവ് കേരളശ്ശേരി പറയുന്നു.
ഓഫീസിലെ ഒരു സ്റ്റാഫിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ഒരു നിശ്ചിത തുക അവർ അടയ്‌ക്കാമെന്ന് പറഞ്ഞു. എന്നാൽ അതുകൊണ്ട് ആ കുടുംബത്തിന് ഒന്നും ആകില്ലെന്ന് മനസിലായതോടെ കമ്പനിയുടെ ജനറൽ മാനേജർ തോമസ് സാറിനെ വിളിച്ചു, വിവരങ്ങൾ അറിയിച്ചു. ഇവർ മണപ്പുറത്തിന്റെ സ്റ്റാഫ് അല്ലെന്നും സ്വകാര്യ ഏജൻസി വഴി വന്ന ഹോം നഴ്‌സ് ആണെന്നും എങ്കിലും മാനുഷിക പരിഗണന വെച്ച് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ശ്രമിക്കാം എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും ആശുപത്രി ബില്ല് ഒരു ലക്ഷത്തിനടുത്ത് എത്തിയിരുന്നു.
ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് വ്യക്തമായതോടെ രോഗിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ അന്ന് വൈകീട്ടോടെ വീട്ടമ്മ കണ്ണുകൾ തുറക്കുകയും കൈകാലുകൾ അനക്കുകയും ചെയ്തു. തുടർന്ന് പിറ്റേന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിന് മുൻപ് വീണ്ടും തോമസ് സാറിനെ വിളിച്ചു. തുടർന്ന് അദ്ദേഹം കമ്പനി ഉടമയായ നന്ദകുമാറിനെ വിളിച്ച് വിവരമറിയിക്കുകയും ആശുപത്രിയിലെ ബില്ല് മുഴുവനായി അടയ്‌ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും ഒന്നര ലക്ഷം കടന്നിരുന്നു ആശുപത്രി ബില്ല്. ബില്ല് അടച്ചത് കമ്പനി തന്നെയാണ്.
അന്ന് വൈകീട്ടോടെ രോഗിയായ വീട്ടമ്മയെ മണപ്പുറത്തിന്റെ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അവർ സംസാരിച്ച് തുടങ്ങിയതായും രാജീവ് കേരളശ്ശേരി പോസ്റ്റിൽ പറയുന്നു.
മണപ്പുറം ഗ്രൂപ്പിലെ സ്റ്റാഫ് അല്ലാത്ത, കേവലം കുറച്ച് ദിവസം മാത്രം വീട്ടുജോലി ചെയ്തിട്ടുള്ള ഒരാൾക്ക് അപകടം സംഭവിച്ചപ്പോൾ ബാധ്യത ഏറ്റെടുക്കാതെ എന്തെങ്കിലും ഒരു തുക നൽകി ഒഴിവാക്കുന്നതിന് പകരം അവരുടെ വീട്ടിലെ സ്ഥിതിയറിഞ്ഞ് ആശുപത്രിയിലെ മുഴുവൻ ബിൽ തുക അടക്കാനും മണപ്പുറത്തിന്റെ ഐസിയു ആംബുലൻസിൽ സൗജന്യമായി പാലക്കാട് എത്തിച്ച് നൽകാനും മണപ്പുറം ഉടമ നന്ദകുമാറാണ് നിർദ്ദേശം നൽകിയത്. ഈ മാനുഷികതക്കും ഉറവ വറ്റാത്ത നന്മക്കും അവരുടെ ജീവൻ തിരിച്ച് പിടിക്കാൻ കാരണക്കാരായതിനും മണപ്പുറം ഗ്രൂപ്പിനും നന്ദകുമാര് സാറിനും നന്ദി അറിയിക്കുന്നതായും രാജീവ് കേരളശ്ശേരി പറഞ്ഞു.
















Comments