കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ സംവിധായകനാണ് രാജസേനൻ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പുതിയ സിനിമയുമായി എത്തുന്നു എന്ന വാർത്ത ആരാധകർക്ക് ആവേശം പകർന്നിരിക്കുകയാണ്. ഞാനും പിന്നൊരു ഞാനും എന്ന് പേരിട്ട ചിത്രത്തിലൂടെയാണ് രാജസേനൻ വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്. അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. ക്ലാപ്പിൻ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമായ തുളസീധര കൈമളായി എത്തുന്നത് രാജസേനൻ തന്നെയാണ് . തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥ കടന്ന് പോകുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്.
രാജസേനനു പുറമെ ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സർക്കിൾ ഇൻസ്‌പെക്ടർ പരമേശ്വരൻ നായർ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.
രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും സംഗീതസംവിധാനം എം ജയചന്ദ്രനുമാണ്.ഛായാഗ്രഹണം സാംലാൽ പി തോമസ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്,എഡിറ്റിംഗ് വി സാജൻ,കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ വിവരങ്ങൾ ഇത് വരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഇത് വരും ദിവസങ്ങളിൽ പുറത്ത് വിടും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും.
Comments