ബീജിംഗ്: രണ്ട് വർഷത്തെ കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ നല്കാൻ തയ്യാറായി ചൈന. വിദ്യാർത്ഥികൾക്ക് പുറമെ ബിസിനസ് വിസകളും അനുവദിച്ചിട്ടുണ്ട്. കൊറോണ മഹാമാരിയിൽ ചൈന കടുത്ത നിയന്ത്രണങ്ങളായിരുന്നു കഴിഞ്ഞ രണ്ടു വർഷമായി ഏർപ്പെടുത്തിയിരുന്നത്. കൊറോണ വൈറസ് കാരണം ഇന്ത്യ ഉൾപ്പെടുന്ന നിരവധി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ചൈനയിൽ നിന്നും തിരിച്ചു മടങ്ങേണ്ട അവസ്ഥയുണ്ടായി.
രാജ്യം കൊറോണയിൽ നിന്നും ഭാഗികമായി മുക്തമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മഹാമാരി പിടിപെട്ടതോടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയാതെ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നു. ചൈനീസ് സർക്കാരിന്റെ പ്രഖ്യാപനം വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഏറെ ആശ്വാസം പകരുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ചൈനയിൽ ഏകദേശം 23,000 -ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിൽ കൂടുതൽ പേരും മെഡിസിനാണ് പഠിക്കുന്നതെന്നാണ് റിപ്പോർട്ട്. ചൈനയിലേക്ക് തിരിച്ചു പോരാൻ നിർദ്ദേശം നൽകിയതിന് തൊട്ട് പിന്നാലെ നൂറു കണക്കിന് വിദ്യാർത്ഥികളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യ ചൈനീസ് സർക്കാരിന് മുന്നിൽ സമർപ്പിച്ചു. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















Comments