കീവ്: യുക്രെയ്‌നെതിരെ റഷ്യ ആക്രമണം കടുപ്പിക്കുന്നു. ആണവ നിലയം സ്ഥിതിചെയ്യുന്ന തെക്കൻ മേഖലയിൽ റോക്കറ്റാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. റഷ്യ ആക്രമണം കടുപ്പിച്ചതിനെ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന സ്വാതന്ത്ര്യദിനാചരണ പരിപാടികളെല്ലാം യുക്രെയ്ൻ റദ്ദാക്കി. സോവിയറ്റ് ഭരണത്തിൽ നിന്ന് സ്വതന്ത്ര്യ രാജ്യമായി മാറിയതിന്റെ വാർഷികമാണ് ആചരിക്കാനിരുന്നത്.
സെപറോഷിയ ആണവ പ്ലാന്റിന് വളരെ അടുത്തുള്ള പ്രദേശത്താണ് റോക്കറ്റ് പതിച്ചത്. റഷ്യ കൈവശം വച്ചിരിക്കുന്ന എനർഹോദാർ മേഖലയിലാണ് സെപറോഷിയ ആണവ നിലയം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത ജില്ലകളായ റിവി റിയ, സിനേൽനീകോവ്‌സ്‌കി ജില്ലകളിൽ പതിച്ച റോക്കറ്റാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. അന്താരാഷ്‌ട്ര ഏജൻസികളുടെ പരിശോധന നടക്കാനിരിക്കേയാണ് ആണവ നിലയ ജില്ലയിൽ തന്നെ റോക്കറ്റാക്രമണം നടന്നത്. റഷ്യ നടത്തുന്നത് മനുഷ്യരാശിക്കെതിരായ ആക്രമണമാണെന്നും സെലൻസ്‌കി ആരോപിച്ചു.
റഷ്യയുടെ നാവികസേനയ്‌ക്കെതിരെ തിരിച്ചും യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയത് രണ്ടാഴ്ച മുന്നേയാണ്. യുക്രെയ്ൻ റഷ്യയുടെ അതിർത്തിയിലെ വ്യോമതാവളം തകർക്കുകയും ചെയ്തിരുന്നു. ഇതിന് ബദലായി പ്രത്യാക്രമണം ശക്തമായിരിക്കുമെന്ന മുന്നറിയിപ്പും മോസ്‌കോ ഭരണകൂടം നൽകിയിരുന്നു.
















Comments