ന്യൂഡൽഹി:ഷഹീൻബാഗിൽ നടന്ന കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് വ്യക്തമാക്കി ഡൽഹി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. ഡൽഹി കലാപ സൂത്രധാരൻ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് എസ്എസ്പി അമിത് പ്രസാദ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, രഞ്ചീഷ് ഭട്‌നാഗർ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വ്യാഴാഴ്ച കോടതി വാദം കേൾക്കുമെന്ന് അറിയിച്ചു. കലാപത്തിൽ നിരവധി പേർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും സുപ്രധാന പങ്കു വഹിച്ചത് പിഎഫ്‌ഐ ആണെന്നും അമിത് പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നുമാണ് ഇക്കാര്യങ്ങൾ തെളിഞ്ഞതെന്നും പ്രസാദ് പറഞ്ഞു. ശീലാംപൂർ മേഖലയിലെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചത് ആക്ടിവിസ്റ്റായ നടാഷാ നർവലാണെന്നും ചാറ്റുകളിൽ നിന്നും വ്യക്തമായെന്നും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു.
നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ഖാലിദിനെതിരെ കേസെടുത്തിരുന്നു. മാർച്ചിൽ ഡൽഹി കീഴ്‌ക്കോടതി ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2020 സെപ്റ്റംബറിലാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഖാലിദിനെ അറസ്റ്റ് ചെയ്തത്.
















Comments