മലപ്പുറം; എന്റെ ഉമ്മയുടെ ഉപ്പ സൈനികനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ് താനെന്നും കെ.ടി ജലീൽ. ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത ആളാണ് എന്റെ ഉമ്മയുടെ ഉപ്പ. അതിന്റെ പേരിൽ അദ്ദേഹം 12 കൊല്ലം ജയിലിൽ അടയ്ക്കപ്പെട്ടുവെന്നും ജലീൽ ഓർമ്മിക്കുന്നു. വർത്തമാനകാലത്ത് എന്തുപറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് ജനങ്ങൾ നോക്കുന്നത്, എന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമിച്ചു ടിക്കറ്റ് വരെ എടുത്തുവച്ചു എന്നും ജലീൽ ആരോപിക്കുന്നു.
ആസാദികശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാർമശങ്ങളുടെ പേരിൽ ജലീലിനെതിരെ വലിയ വിമർശനങ്ങളുയർന്നിരുന്നു.കശ്മീർ സന്ദർശനത്തിന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചതിലൂടെയാണ് ജലീൽ ഇത്തരത്തിൽ പരാമർശം നടത്തിയത്. ജലീലിന്റെ പരാമർശത്തിനെതിരെ കേസ്സെടുക്കാനും പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സൈന്യത്തിനെതിരെയും ഫേസ്ബുക്കിലൂടെ ജലീൽ പരാമർശം നടത്തിയിരുന്നു. എവിടെ നോക്കിയാലും കശ്മീരിൽ സൈനികരാണെന്നും, ഇതു കാരണം കശ്മീരിലെ ജനത ചിരിക്കാൻ മറന്നുപോയെന്നുമാണ് ജലീലിന്റെ പരാമർശം.
ഈ സംഭവങ്ങളിൽ ജലീലിനെതിരെ സമൂഹത്തിലെ വിവിധ കോണിൽ നിന്ന് വിമർശനമുയരുന്ന സാഹചര്യത്തിലാണ് നിയമസഭയിൽ മറ്റൊരു രസകരമായ സംഭവമുണ്ടായത്. ‘ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന് ജലീലിനെതിരെ കെ.കെ ശൈലജ ആത്മഗതം പറഞ്ഞത് മൈക്ക് ഓഫാക്കാതെ ആയിരുന്നു. കെ.കെ ശൈലജയുടെ ഈ വാക്കുകളെ മാദ്ധ്യമങ്ങൾ ചർച്ചയാക്കിയതോടെ ജലീലിനോടുള്ള സിപിഎംന്റെയും ഇടതുമുന്നണിയുടെയും നിലപാടുകൾ വ്യക്തമാവുകയായിരുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് തന്റെ കുടുംബ പശ്ചാത്തലം വ്യക്തമാക്കി ജലീൽ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
Comments