ഹൃദയഹാരിയായ ഇൻസ്റ്റഗ്രാം വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെയും കൊണ്ട് സൊമാറ്റോയുടെ ഡെലിവറി ജോലിയ്‌ക്ക് പോകുന്ന യുവാവിന്റെ ചിത്രങ്ങൾ കരളലിയ്‌ക്കുന്നതാണ്. ‘ഇത് കണ്ടപ്പോൾ എനിക്ക് വളരെ പ്രചോദനം തോന്നി, ഈ സൊമാറ്റോ ഡെലിവറി ഏജന്റ് ദിവസം മുഴുവൻ രണ്ട് കുട്ടികളുമായി ചൂടിൽ പണിയെടുക്കുന്നു.നമ്മുക്കും ഈ പുരുഷനെ മാതൃകയാക്കാം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
സൊമാറ്റോ ഡെലിവറി ഏജന്റായ യുവാവ് തന്റെ കുട്ടികളെയും കൊണ്ട് ജോലിയ്‌ക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ഫുഡ് ബ്ലോഗറും ഫോട്ടോഗ്രാഫറുമായ സൗരഭ് പഞ്ജ്വാനിയാണ്. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന യുവാവിന്റെ കഥയ്‌ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഡെലിവറി ചെയ്യാൻ പോകുമ്പോൾ മകളെയും മകനെയും ഒപ്പം കൊണ്ടുപോകുന്നത് ക്ലിപ്പിൽ കാണാം.ഏജന്റിന്റെ ഭാര്യ ദിവസവേതനത്തിന് ജോലിയ്‌ക്ക് പോകുന്ന ആളാണ്. അവിടെ കുട്ടികളെയും കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് കുട്ടികളെ കൂടെ കൂട്ടുന്നതെന്ന് ഏജന്റ് വ്യക്തമാക്കി.
വീഡിയോ ശ്രദ്ധയിൽപെട്ടതോടെ ഡെലിവറി ഏജന്റിന്റെ വിവരങ്ങൾ തിരക്കി സൊമാറ്റോ ബന്ധപ്പെട്ടതായി പഞ്ജ്വാനി പറഞ്ഞു. ഇയാളുടെ വിശദാംശങ്ങൾ സ്വകാര്യ സന്ദേശം വഴി പങ്കിടാൻ സൊമാറ്റോ ആവശ്യപ്പെട്ടു. അതുവഴി ഏജന്റിനെ ബന്ധപ്പെടാനും സഹായിക്കാനും കഴിയുമെന്നും കമ്പനി വ്യക്തമാക്കി. നിരവധി ഉപഭോക്താക്കളാണ് ഹൃദയസ്പർശിയായ വീഡിയോയ്‌ക്ക് കമന്റ് ചെയ്തത്. ഡെലിവറി ഏജന്റിനു നിരവധി പേർ സ്‌നേഹവും ആദരവും പകർന്നു.
Comments