ചിയാൻ ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. സിനിമയുടെ വിസ്മയിപ്പിക്കുന്ന ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പല രൂപങ്ങളിൽ, ഭാവങ്ങളിൽ നിറഞ്ഞാടുകയാണ് വിക്രം. ‘അന്യൻ’, ‘ഐ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകരെ പ്രകടനം കൊണ്ടും രൂപ ഭാവങ്ങളിലൂടെയും വിക്രം ഞെട്ടിക്കും എന്ന് ഉറപ്പ് നൽകുന്നതാണ് പുറത്തുവന്ന ട്രെയിലർ. ആർ.അജയ് ജ്ഞാനമുത്തു ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമയിൽ വില്ലനായി എത്തുന്നത് മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ആണ്. മലയാളി താരം റോഷൻ മാത്യവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മിയ ജോർജ്ജും സർജാനോ ഖാലിദും മലയാളത്തിൽ നിന്നും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് കോബ്രയിലെ നായിക. കെ.എസ് രവികുമാർ, ആനന്ദ്‍രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജൻ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഏഴല്ല, അതിലധികം വേഷ പകർച്ചകൾ വിക്രം ചെയ്യുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കോബ്രയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് എ.ആർ റഹ്‍മാൻ ആണ്. ഛായാഗ്രഹണം ഹരീഷ് കണ്ണൻ. ‘മഹാന്’ ശേഷമെത്തുന്ന വിക്രം ചിത്രമാണ് ‘കോബ്ര’. 90 കോടി ബജറ്റിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഓഗസ്റ്റ് 31ന് സിനിമ റിലീസ് ചെയ്യും.
Comments