ന്യൂഡൽഹി: പതിനാറാം മാസത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകി മാതാപിതാക്കൾ. ഡൽഹി എയിംസിൽ വെച്ച് മരണമടഞ്ഞ ഋഷാന്തിന്റെ അവയവങ്ങളാണ് ഇനി മറ്റുള്ളവരിലൂടെ ജീവിക്കുക.
ഓഗസ്റ്റ് 17നായിരുന്നു ഋഷാന്തിന്റെ തലയ്‌ക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ മസ്തിഷ്ക മരണം ഓഗസ്റ്റ് 24ന് സ്ഥിരീകരിക്കുകയായിരുന്നു.
മസ്തിഷ്ക മരണം സംഭവിച്ചതോടെ ആശുപത്രി അധികൃതർ കുഞ്ഞിന്റെ മാതാപിതാക്കളോട് അവയവദാനത്തിന്റെ സാദ്ധ്യതകൾ വിശദീകരിച്ചു. കൗൺസിലിംഗ് ഘട്ടങ്ങൾക്ക് ശേഷം മാതാപിതാക്കൾ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകുകയായിരുന്നു.
ഋഷാന്ത് ഞങ്ങളുടെ പൊന്നോമനയായിരുന്നു. അവൻ ഞങ്ങൾക്കും അവന്റെ ചേച്ചിമാർക്കും ഏറ്റവും പ്രിയങ്കരനായിരുന്നു. അവന്റെ നഷ്ടം ഞങ്ങളുടെ ഹൃദയം തകർക്കുകയാണ്. എന്നാൽ അവന്റെ അവയവങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതം രക്ഷിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ അവ ദാനം ചെയ്യാൻ ഒരുക്കമാണ്. ഋഷാന്തിന്റെ പിതാവ് ഉപീന്ദർ പറഞ്ഞു.
നമ്മൾ ഭക്ഷണവും വസ്ത്രങ്ങളും പണവും ആവശ്യക്കാർക്ക് ദാനം ചെയ്യുന്നു. ഇന്ന് ഞങ്ങളുടെ കുഞ്ഞ് ഞങ്ങൾക്കൊപ്പം ഇല്ല. അവന്റെ ഓർമ്മകൾ മാത്രമാണ് അവശേഷിക്കുന്നത്. അവന്റെ അവയവങ്ങൾക്ക് ആവശ്യക്കാരായ മനുഷ്യരെ രക്ഷിക്കാൻ സാധിക്കുമെങ്കിൽ അതിലും വലിയൊരു പുണ്യം മറ്റൊന്നില്ല. ഋഷാന്തിന്റെ അമ്മാവൻ പറഞ്ഞു.
ഋഷാന്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ച മാതാപിതാക്കൾക്ക് നന്ദി അറിയിക്കുന്നതായി എയിംസ് അവയവ മാറ്റിവെക്കൽ വിഭാഗം മേധാവി ഡോക്ടർ ആരതി വിജ് പറഞ്ഞു.
















Comments