കൊല്ലം : എംഡിഎംഎയുമായി നാല് പേർ പിടിയിൽ. പിടിയിലായവരിൽ ദമ്പതികളും. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശികളായ അജു മൻസൂർ, ഇയാളുടെ ഭാര്യ ബിൻഷ, അവിനാശ്, അഖിൽ ശശിധരൻ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും കണ്ടെടുത്തു.കിളികൊല്ലൂർ മേഖലയിലെ സ്‌കൂൾ , കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ എത്തിച്ച ലഹരി മരുന്നുകളായിരുന്നു ഇവ. പ്രദേശത്തെ ഒരു ലോഡ്ജിൽ താമസിച്ചാണ് ഇവർ ലഹരി വൽപ്പന നടത്തിയിരുന്നത്. പിടിയിലായ അജുവിനെ മുമ്പും സമാന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാത്രികളിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിൽ ലഹരി എത്തിച്ച് കൊടുക്കുന്നതാണ് സംഘത്തിന്റെ രീതി. ഇതിനായി ഇവർ ഉപയോഗിക്കുന്നത് ആഢംബര കാറുകളും ബൈക്കുകളുമാണ്. സ്ത്രീകളെ മറയാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. അതേസമയം പിടിയിലായവർക്ക് ഇതരസംസ്ഥാന ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും ഡിജെ പാർട്ടികൾക്കും മറ്റും എംഡിഎംഎ വിതരണം ചെയ്യാൻ സംഘം പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ഒരുമാസമായി നർക്കോട്ടിക് സെൽ അസി. കമ്മിഷണർ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം സിറ്റി പരിധിയിലെ ലഹരി വ്യാപാരത്തെക്കുറിച്ച് രഹസ്യ അന്വേഷണം നടത്തുകയായിരുന്നു. സിറ്റി പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.
Comments