റാഞ്ചി: ഝാർഖണ്ഡിൽ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പേരിൽ വിധവയ്‌ക്കും പെൺമക്കൾക്കും നേരെ മതതീവ്രവാദികളുടെ ആക്രമണം. ഹസാരിബാഗ് ജില്ലയിലെ സർമ ഗ്രാമവാസിയായ കിരൺ ദേവിയ്‌ക്കും സ്‌കൂൾ വിദ്യാർത്ഥിനികളായ കുട്ടികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കിരൺ ദേവി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ മാസം 10ന് നടന്ന സംഭവം പുറത്തുവരുന്നത് ഇപ്പോഴാണ്.
കിരൺ ദേവിയുടെ ഇളയ മകൾ ഫേസ്ബുക്കിൽ ഇസ്ലാം മതത്തെക്കുറിച്ച് പരാമർശം നടത്തിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. രാത്രി വീട്ടിൽ സംഘടിച്ചെത്തിയ മതതീവ്രവാദികൾ കിരൺ ദേവിയെയും, മക്കളെയും മർദ്ദിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് അക്രമികൾ വീട്ടിൽ നിന്നും മടങ്ങിയത്.
ഇതിന് പിന്നാലെ രാവിലെ മതതീവ്രവാദികളുടെ മറ്റൊരു സംഘം വീട്ടിലേക്ക് എത്തി. ഇവർ കിരൺ ദേവിയെയും, കുടുംബത്തെയും ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇല്ലെങ്കിൽ മക്കളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നും ഇവർ പറഞ്ഞിരുന്നു. ഇതോടെ കിരൺ ദേവി പോലീസിനെ സമീപിക്കുകയായിരുന്നു.
പ്രദേശവാസികളായ മുഹമ്മദ് വസീം, മുഹമ്മദ് സജിബുള്ള, മുഹമ്മദ് നസിം, മുഹമ്മദ് സാഖ്വിബ്, മുഹമ്മദ് തുഹൈർ, മുഹമ്മദ് ആഷിഖ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്‌സോ നിയമ പ്രകാരവും പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം പ്രശ്‌നം പരിഹരിക്കാനായി പ്രദേശത്തെ കോൺഗ്രസ് എംഎൽഎ ഇടപെട്ടതായി കുടുംബം പറയുന്നു. മതസൗഹാർദ്ദം എന്ന പേരിൽ പെൺകുട്ടിയെ കൊണ്ട് എല്ലാവരുടെയും കൈയ്യിൽ രാഖി കെട്ടിച്ചായിരുന്നു ഇയാൾ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചത്.
















Comments