ന്യൂഡൽഹി: ഹംഗേറിയൻ പൗരനു രക്ഷയായി കരസേനയും വ്യോമസേനയും. സോളോ ട്രവലറായ 38-കാരൻ ആക്കോസ് വെർമസിനെയാണ് ഇരു സേനകൾ സംയുക്തമായി രക്ഷിച്ചത്. ഹിമാലയൻ മല നിരകളിലൂടെ വിമാന മാർഗം സഞ്ചരിക്കുന്നതിനിടയിലാണ് ഇയാളെ കാണാതായത്. 30 മണിക്കൂർ തിരച്ചിൽ നടത്തിയതിനൊടുവിലാണ് വെർമിസിനെ സുരക്ഷിതമായി താഴെ എത്തിച്ചത്.
ജമ്മു കാശ്മീർ മേഖലയിലെ സുംചാം താഴ്വരയിലെ ഉമസി ലാ പാസ് ഭാഗത്ത് വെച്ചാണ് കാണാതായതായതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.ഉദ്ധംപൂരിലെ ഐഎഎഫ് ഉദ്യോഗസ്ഥരും ഡൂളിൽ വിന്യസിച്ചിരിക്കുന്ന രാഷ്ട്രീയ റൈഫിൾസും അടങ്ങുന്ന സംഘം സംയുക്തമായി പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി. 30 മണിക്കൂർ നീണ്ട തിരച്ചിലിനെടുവിൽ വെർമസിനെ രക്ഷപ്പെടുത്തി കിഷ്ത്വറിലെത്തിച്ചു. തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അപകടകരമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടുത്തി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ സേനയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. വെർമിസിനെ രക്ഷപ്പെടുത്തിയതും ആരോഗ്യനിലയെ കുറിച്ചും ഡപ്യൂട്ടി കമ്മീഷണർ ഹംഗേറിയൻ എംബസിയെ അറിയിച്ചു.
Comments