ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്‌ത്തി സിപിഎം എംഎൽഎ യു പ്രതിഭ. ഗവർണർക്കെതിരെ സിപിഎം ആക്രമണം കടുപ്പിക്കുന്നതിനിടയിലാണ് പാർട്ടി എംഎൽഎ പൊതുവേദിയിൽ ഗവർണറെ പുകഴ്‌ത്തി പരസ്യമായി രംഗത്ത് വന്നത്.
ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ നവതി ആഘോഷച്ചടങ്ങിലായിരുന്നു ഗവർണർ വേദിയിലിരിക്കെ യു പ്രതിഭയുടെ വാക്കുകൾ. പരിപാടിയുടെ അദ്ധ്യക്ഷയായിരുന്നു എംഎൽഎ. രാഷ്‌ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് അവർ പറഞ്ഞു. എല്ലാവരോടും സ്‌നേഹത്തോടെയാണ് ഗവർണർ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ട്.
മലയാളം പഠിക്കാൻ ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. പുഞ്ചിരിയോടെയാണ് എംഎൽഎയുടെ വാക്കുകൾ ആരിഫ് മുഹമ്മദ് ഖാൻ ശ്രവിച്ചത്. ചടങ്ങിൽ ഗവർണർക്ക് സമീപമായിരുന്നു യു പ്രതിഭ ഇരുന്നത്. രമേശ് ചെന്നിത്തല എംഎൽഎയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
മലയാളത്തിൽ എല്ലാവർക്കും വന്ദനം പറഞ്ഞാണ് ഗവർണർ പ്രസംഗം തുടങ്ങിയതും. മലയാളം പഠിക്കാൻ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ടെന്നും അതാണ് മലയാളത്തിൽ പ്രസംഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമാണ് എല്ലാ മാറ്റത്തിന്റെയും അളവുകോലെന്നും അറിവിനൊപ്പം മനുഷ്യന്റെ അന്തസുയർത്തുന്നതാണ് അതെന്നും ഗവർണർ പ്രസംഗത്തിൽ പരാമർശിച്ചു.
സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളും ലോകായുക്ത ഭേദഗതി ബില്ലും ഉൾപ്പെടെയുളള കാര്യങ്ങളിൽ ഗവർണറുമായി സിപിഎം വളരെക്കാലമായി ഇടഞ്ഞുനിൽക്കുകയാണ്. അടുത്തിടെ സർക്കാർ പുറത്തിറക്കിയ ലോകായുക്ത ഭേദഗതി ഉൾപ്പെടെയുളള ഓർഡിനൻസുകൾ അദ്ദേഹം ഒപ്പിടാതെ മടക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതിഭ എംഎൽഎ ഗവർണറെ പുകഴ്‌ത്തി രംഗത്തെത്തിയത്. നേരത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുന്നതിലും ഗവർണറും സിപിഎമ്മും നേർക്ക് നേർ പോര് നടന്നിരുന്നു.
Comments