പാരീസ്; വിമാനം പറന്നുകൊണ്ടിരിക്കെ കോക്ക്പിറ്റിൽ വെച്ച് വാക്കുതർക്കമുണ്ടാകുകയും കയ്യാങ്കളി നടത്തുകയും ചെയ്തതിന് രണ്ട് പൈലറ്റുമാർക്ക് സസ്‌പെൻഷൻ. എയർ ഫ്രാൻസ് വിമാന കമ്പനിയുടെ രണ്ട് പൈലറ്റുമാരെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ജനീവയിൽ നിന്ന് പാരീസിലേക്കുളള യാത്രയ്‌ക്കിടെയാണ് കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലടിച്ചത്. എയർ ഫ്രാൻസിന്റെ എയർബസ് എ 320 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. പൈലറ്റിനെയും കോ പൈലറ്റിനെയുമാണ് സസ്‌പെൻഡ് ചെയ്തതെന്ന് സ്വിസ് മാദ്ധ്യമമായ ലാ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
കോക്ക്പിറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതോടെയാണ് ക്യാബിൻ ക്രൂ ജീവനക്കാർ ശ്രദ്ധിച്ചത്. അപ്പോഴേക്കും പൈലറ്റുമാർ തമ്മിലടി തുടങ്ങിയിരുന്നു. ഒടുവിൽ ഇവർ ഇടപെട്ട് രണ്ട് പേരെയും പിന്തിരിപ്പിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ ക്യാബിൻ ക്രൂ ജീവനക്കാരിൽ ഒരാൾ കോക്ക്പിറ്റിൽ തുടരുകയും ചെയ്തു.
വിമാനയാത്രയ്‌ക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ എയർ ഫ്രാൻസ് അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഫ്രാൻസിന്റെ വ്യോമയാന അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റുമാർ കോക്ക്പിറ്റിൽ വെച്ച് തമ്മിലടിച്ചെന്ന വാർത്തയും പുറത്തുവന്നത്.
















Comments