തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കുന്നു എന്ന സുപ്രീം കോടതി റിട്ട ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ. ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നുമാണ് മന്ത്രിയുടെ വാദം. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയോ ഗവൺമെന്റോ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കിയിട്ടില്ലെന്ന് കെ.രാധാകൃഷ്ണൻ പറഞ്ഞു.
ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗത്തിൻറേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരുകൾ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ന്യായീകരിച്ചു.
അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും ഇടതുപക്ഷ സർക്കാരാണ് നടപടി സ്വീകരിച്ചത്. ഒരു ക്ഷേത്രത്തിന്റേയും വരുമാനം സർക്കാർ ഇതുവരെ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ നൽകിവരാറുണ്ട് എന്നതാണ് യാഥാർത്ഥ്യമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവൺമെന്റിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
















Comments