എറണാകുളം : നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകനും ഗായകനുമായ ഭവ്‌നിന്ദർ സിംഗ് അറസ്റ്റിൽ. പണം തട്ടിയെടുക്കാൻ ഭവ്‌നിന്ദർ ശ്രമിച്ചു എന്നാണ് നടിയുടെ പരാതി. വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പോലീസിലാണ് അമല പരാതി നൽകിയത്. തന്നെ വഞ്ചിച്ചു , മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി, ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളും പരാതിയിൽ പറയുന്നുണ്ട്.
ഇതിന് മുമ്പും ഗായകനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 2020 ലാണ് മാനനഷ്ടത്തിന് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 2018 ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. തുടർന്ന് ഭവ്‌നിന്ദറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്‌നിന്ദർ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുന്നത്. ഇതോടെ അമല വിവാഹിതയായെന്ന വാർത്തയും പരന്നിരുന്നു.
2018 ൽ അമലയും അറസ്റ്റിലായ ഭവ്‌നിന്ദറും ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും പിരിയുകയും ചെയ്തു. ഈ കമ്പനിയുടെ ബാനറിലാണ് അമല തന്റെ പുതിയ ചിത്രമായ കഡാവർ നിർമ്മിച്ചിരിക്കുന്നത്. ഇതിലുള്ള വൈരാഗ്യത്തിൽ അമലയെ വ്യാജരേഖ ചമച്ച് കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തതെന്ന് പോലീസ് പറയുന്നു. അമലയുടെ പരാതിയിൽ വ്യാജരേഖ ചമയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് വില്ലുപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
Comments