ബംഗളൂരു : ബംഗളൂരു ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ ഹൈക്കോടതി അനുമതി ലഭിച്ചതിന് പിന്നാലെ ഗണേശ വിഗ്രഹം സ്ഥാപിച്ച് ആരാധന നടത്തി വിശ്വാസികൾ. ഇന്നലെ രാത്രി പത്ത് മണിക്ക് നടന്ന അടിയന്തിര വാദത്തിനൊടുവിലാണ് അഞ്ജുമാൻ-ഇ-ഇസ്ലാം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ അനുമതി നൽകുകയും ചെയ്തു. തുടർന്ന് പുലർച്ചെയോടെ മൈതാനത്തിൽ കനത്ത സുരക്ഷയോടെ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
അടുത്ത മൂന്ന് ദിവസങ്ങളിലും പരമ്പരാഗത രീതിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടക്കുമെന്ന് റാണി ചെന്നമ്മ മൈതാനം ഗജാനൻ ഉത്സവ് മഹാമണ്ഡലം കൺവീനർ കെ ഗോവർദ്ധൻ റാവു പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം 3 ദിവസം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആഘോഷപരിപാടികൾ നടത്തും. കോടതി വിധി വന്നതിന് പിന്നാലെ അര മണിക്കൂറിനുള്ളിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കി ഗണപതി വിഗ്രഹം സ്ഥാപിച്ചത് എന്നും അദ്ദേഹം അറിയിച്ചു.
ഹൈക്കോടതിയുടെ അനുകൂല വിധിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും രംഗത്തെത്തി. കർണാടക ഹൈക്കോടതി മികച്ച ഉത്തരവാണ് പുറപ്പെടുവിച്ചത് എന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. മൈതാനവുമായി ബന്ധപ്പെട്ട് അനാവശ്യമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഈദ്ഗാഹ് മൈതാനം പൊതു സ്വത്താണ്.
രണ്ട് പ്രാവശ്യം നിസ്‌കാരത്തിന് അനുമതി നൽകിയതൊഴിച്ചാൽ ഈ വസ്തു കോർപ്പറേഷന്റെ വകയാണ്. ചില രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെട്ടാണ് സംഭവം ഇത്രയും വഷളാക്കിയത്. ഇപ്പോൾ അതിൽ അന്തിമ വിധി വന്നിരിക്കുകയാണ്. ഇവിടെ ആഘോഷപരിപാടികൾ സമാധാനപരമായി സംഘടിപ്പിക്കണം. നിസ്‌കാരം നടത്തുമ്പോൾ ആരും അതിനെ എതിർക്കാറില്ല, അതുപോലെ തന്നെ ഗണേശോത്സവത്തെയും ആരും എതിർക്കരുത് എന്നും അദ്ദേഹം നിർദ്ദേശിച്ചു.
Comments