മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസണെ നായകനാക്കി സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രം സെപ്റ്റംബർ 8-ന് റിലീസ് ചെയ്യും. ബിഗ് ബജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് സിനിമ തിയറ്ററിൽ എത്തുന്നതെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കി. സെപ്റ്റംബർ എട്ടിന് തന്നെ ജിസിസിയിലും സിനിമ റിലീസ് ചെയ്യും.
സിനിമയുടെ ട്രെയിലറും വീഡിയോ ഗാനവും മേക്കിംഗ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. അത്ഭുത ദ്വീപിന് ശേഷം വിനയന്റെ ക്വാളിറ്റി ബ്രഹ്മാണ്ഡ ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ട് എന്ന് അടിവരയിടുന്നതാണ് പുറത്തുവിട്ട ട്രെയിലർ. ‘അത്ഭുത ദ്വീപ്’ ചെയ്യുന്ന സമയത്തു തന്നെ മനസ്സിലുണ്ടായ ഒരു സിനിമയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടെന്ന് വിനയൻ പറയുന്നു. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷാജികുമാർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
















Comments