ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഇരുപത് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി.
സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനൊപ്പം ഇന്ത്യൻ ആരാധകർ ഏറെ നാളായി കാത്തിരുന്ന വിരാടിന്റെ അർദ്ധസെഞ്ച്വറിക്കും മത്സരം സാക്ഷ്യം വഹിച്ചു. പാകിസ്താനെതിരായ കഴിഞ്ഞ മത്സരത്തിൽ കോഹ്ലി മടങ്ങി വരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. അവസാന ഓവറിൽ ഹരൂൺ അർഷാദിനെതിരെ 4 സിക്സറുകൾ പായിച്ച സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് കാണികൾക്ക് അക്ഷരാർത്ഥത്തിൽ വിരുന്നായി. യാദവ് 25 പന്തിൽ പുറത്താകാതെ 68 റൺസ് നേടി. 6 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു യാദവിന്റെ ഇന്നിംഗ്സ്. കോഹ്ലി 44 പന്തിൽ 3 സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 59 റൺസുമായും പുറത്താകാതെ നിന്നു.
കെ എൽ രാഹുൽ 36 റൺസ് നേടി. രോഹിത് ശർമ്മ 21 റൺസെടുത്ത് പുറത്തായി. ട്വൻ്റി 20യിൽ 3500 റൺസ് എന്ന നാഴികക്കല്ല് മത്സരത്തിൽ ഇന്ത്യൻ നായകൻ പിന്നിട്ടു. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ ഫോറിൽ കടക്കാം.
Comments