ദുബായ്: ഹോങ്കോംഗിനെതിരായ തകർപ്പൻ വിജയത്തോടെ ഇന്ത്യ ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ പ്രവേശിച്ചു. 40 റൺസിനാണ് ഹോങ്കോംഗിനെതിരായ ഇന്ത്യയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഇരുപത് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇരുപത് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടാനേ ഹോങ്കോംഗിന് സാധിച്ചുള്ളൂ.
സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടും വിരാട് കോഹ്ലിയുടെ അർദ്ധസെഞ്ചുറിയുമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നത്. അവസാന ഓവറിൽ ഹരൂൺ അർഷാദിനെതിരെ 4 സിക്സറുകൾ പായിച്ച സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് കാണികൾക്ക് അക്ഷരാർത്ഥത്തിൽ വിരുന്നായി. യാദവ് 25 പന്തിൽ പുറത്താകാതെ 68 റൺസ് നേടി. 6 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു യാദവിന്റെ ഇന്നിംഗ്സ്. കോഹ്ലി 44 പന്തിൽ 3 സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 59 റൺസുമായും പുറത്താകാതെ നിന്നു. 36 റൺസ് നേടാൻ 39 പന്തുകൾ നേരിട്ട കെ എൽ രാഹുലിന്റെ ഇന്നിംഗ്സ് വിമർശനങ്ങൾക്ക് വിധേയമായി. 21 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ, ട്വൻ്റി 20യിൽ 3500 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു.
മറുപടി ബാറ്റിംഗിൽ ഹോങ്കോംഗ് പൊരുതാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ പ്രൊഫഷണലിസത്തിന് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വന്നു. ഹോങ്കോംഗിനായി ബാബർ ഹയാത്ത് 41 റൺസ് നേടി. കിഞ്ചിത് ഷാ 30 റൺസും സീഷാൻ അലി 17 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് നേടി. അർഷ്ദീപ് സിംഗ് 44 റൺസും ആവേശ് ഖാൻ 53 റൺസും വഴങ്ങിയത് ജയത്തിനിടയിലും ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
Comments