കൊച്ചി: രാജ്യസുരക്ഷയ്‌ക്കും സംസ്ഥാന വികസനത്തിനും കുതിപ്പേക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ആത്മനിർഭർ ഭാരത് വഴി കൊച്ചി കപ്പൽശാലയിൽ ഭാരതം തദ്ദേശിയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാളെ രാവിലെ 9.30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഭാരതീയർ ഉറ്റുനോക്കുന്ന മുഖ്യചടങ്ങ്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവും ഈ അഭിമാന നിമിഷത്തിന് സാക്ഷിയാകും.
നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ ഇന്നു വൈകിട്ട് 6 മണിയ്‌ക്ക് കൊച്ചി മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെയും റെയിൽവേ വികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. കുറുപ്പുന്തറ-ചിങ്ങവനം വൈദ്യുതപാത, കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണം എന്നിവയുടെ ഉദ്ഘാടനം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം റെയിൽവെ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ശിലാസ്ഥാപനം, കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന ഭാഗമായ പേട്ട-എസ്എൻ ജംഗ്ഷൻ പാതയുടെ ഉദ്ഘാടനം എന്നിവ നരേന്ദ്രമോദി നിർവ്വഹിക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിയ്‌ക്ക് ഔദ്യോഗിക വസതിയിലെ സ്വീകരണത്തിന് പുറമെ ബിജെപി ജില്ലാ കമ്മറ്റിയും ഊഷ്മളമായ വരവേൽപ്പ് ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് ചേരുന്ന ബിജെപി യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൂടാതെ, അദ്വൈത ഭൂമിയായ കാലടിയിൽ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും ആദിശങ്കര കീർത്തി സ്തംഭവും സന്ദർശിക്കും. പ്രധാനമന്ത്രി താമസിക്കുന്ന താജ് ഹോട്ടലിൽ ചേരുന്ന ബിജെപി കോർ കമ്മറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും.
Comments