ഇസ്ലാമാബാദ്: നിലയ്‌ക്കാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വിനാശകരമായ വെള്ളപ്പൊക്ക ദുരിതത്തിലാണ് പാകിസ്താൻ. ജൂലൈ പകുതിയോടെ ആരംഭിച്ച കനത്ത മഴ രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 116 ജില്ലകളിലെ 33 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്താനിൽ മുപ്പത് ലക്ഷം കുട്ടികളും ദുരിതത്തിലാണെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുഎൻഐസിഇഎഫ്) അറിയിച്ചു.
പാകിസ്താന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിൽ മുപ്പത് ലക്ഷം കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമാണെന്നും ജലജന്യ രോഗങ്ങൾ, മുങ്ങിമരണം, പോഷകാഹാരക്കുറവ് എന്നിവയ്‌ക്കുള്ള സാധ്യത കൂടുതലാണെന്നും യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് പ്രസ്താവനയിലൂടെ അറിയിക്കുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും അടിയന്തര ആവശ്യങ്ങളിൽ ഇടപെടാനും സഹായമെത്തിക്കാനും യുഎൻഐസിഎഫ് പ്രവർത്തിക്കുന്നു.
കഴിഞ്ഞയാഴ്ച പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യത്തെ വലിയ തോതിൽ ബാധിച്ചിരിക്കുന്ന വെള്ളപ്പൊക്കത്തിൽ സഹായം നൽകാൻ മറ്റ് രാജ്യങ്ങളോടും അന്താരാഷ്‌ട്ര സംഘടനകളോടും സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 350-ലധികം കുട്ടികൾ ഉൾപ്പെടെ 1,100-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായും 1,600-ലധികം പേർക്ക് പരിക്കേറ്റതായും സർക്കാർ അറിയിക്കുന്നു. 287,000-ലധികം വീടുകൾ പൂർണ്ണമായും, 662,000 വീടുകൾ ഭാഗികമായും നശിച്ചു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങളിൽ വ്യാപകമായ തോതിൽ ജലജന്യ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചർമ്മരോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴയും വെള്ളപ്പൊക്കവും കൂടുതൽ വഷളാകുമെന്നാണ് പ്രവചനങ്ങൾ.
Comments