കൊച്ചി; രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പതിനായിരക്കണക്കിനാളുകൾ കാത്തിരുന്ന ബിജെപി പൊതുസമ്മേളന വേദിയിലെത്തിയ നരേന്ദ്രമോദി മലയാളത്തിലാണ് പ്രസംഗമാരംഭിച്ചത്.
മലയാളികൾക്ക് ഓണാശംസ നേർന്നാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതം. ഓണക്കാലത്ത് കേരളത്തിലെത്തിയത് സൗഭാഗ്യമാണ്. കേരളം സന്ദർശിക്കാനായതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിൽ കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ അദ്ദേഹം എണ്ണിപറഞ്ഞു. ബിജെപിയുടെ സർക്കാറുകൾ ഉള്ളയിടത്ത് വികസനം വേഗത്തിലാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്. ഡബിൾ എഞ്ചിൻ സർക്കാർ കേരളത്തിൽ വന്നാൽ വികസനം വേഗത്തിലാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു കേരളത്തിലെ ജനങ്ങൾ ബിജെപിയെ പുതിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിഎംഎവൈ പദ്ധതി വഴി കേരളത്തിൽ രണ്ട് ലക്ഷം വീടുകൾ നൽകാനായി. കേരളത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന്
കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. സിയാൽ കൺവെൻഷൻ സെന്ററിലാണ് ദീർഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം. എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
















Comments