കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിൻ ഷിപ്പിയാർഡിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രതിരോധ സേനയ്‌ക്ക് കൂടുതൽ കരുത്തേകുന്ന കപ്പൽ അദ്ദേഹം സമർപ്പിച്ചത്. ഇന്ത്യ ആദ്യമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ കൂടിയാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനൊവാൾ എന്നിവർ ഐഎൻഎസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 9.30 ഓടെ കൊച്ചിൻ ഷിപ്പിയാർഡിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. നാവിക സേന ഗാർഡ് ഓഫ് ഓണർ നൽകി പ്രധാനമന്ത്രിയെ ആദരിച്ചു. തുടർന്ന് അദ്ദേഹം ഉദ്ഘാടനം നടക്കുന്ന വേദിയിൽ എത്തി.
കേരളത്തിന്റെ സമുദ്രതീരം ഭാരത്തിന്റെ പുതിയ സൂര്യോദയത്തിനാണ് സാക്ഷിയായത് എന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്ത് നമ്മുടെ അഭിമാനമാണ്. ഐഎൻഎസ് വിക്രാന്ത് വെറും ഒരു വിമാനവാഹിനി കപ്പൽ അല്ല പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും പ്രതീകമാണ്. ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമാണ്. വെല്ലുവിളി എത്ര ദുഷ്‌കരമാണങ്കിലും അതിജീവിക്കാൻ കഴിയുമെന്നതിന് തെളിവ് കൂടിയാണ് വിക്രാന്ത് എന്ന് അദ്ദേഹം പറഞ്ഞു.
വിക്രാന്ത് വിശാലമാണ്, വിരാടമാണ്, വിശിഷ്ടമാണ്. വിക്രാന്തിലൂടെ ഭാരതം ലോകത്തിന് മുന്നിലെത്തി. മേക്ക് ഇൻ ഇന്ത്യ മാത്രമല്ല മേക്ക് ഫോർ വേൾഡ് ആണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷയ്‌ക്ക് ഭാരരത്തിന്റെ ഉത്തരമാണ് വിക്രാന്ത് എന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
ആത്മനിർഭർ ഭാരത് വഴി നാവിക സേനയ്‌ക്ക് മികച്ച നേട്ടം കൈയ്യടക്കാനാകുമെന്ന് നാവിക സേനാ മേധാവി ഹരികുമാർ പറഞ്ഞു. വിക്രാന്തിന്റെ പൂർത്തീകരണം ഇതിലേക്കുള്ള ചുവട് വെപ്പാണ്. നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. നാവിക സേനയ്‌ക്ക് ലഭിച്ച പുതിയ പതാക അഭിമാന നേട്ടമാണെന്നും നാവികസേന മേധാവി പറഞ്ഞു.
സ്വയംപര്യാപ്തതയുടെ പ്രതീകമാണിതെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാവിക സേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ ,ദക്ഷിണ നാവിക സേനകമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ ഹംപി ഹോളി, കൊച്ചിൻ ഷിപ്പി യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ് നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments