കൊച്ചി: ഇന്ത്യയുടെ ഏറ്റവും വലിയ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച വേളയിൽ മുൻ രാഷ്‌ട്രപതി അബ്ദുൾ കലാമിന്റെ വാക്കുകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ശക്തിയും സമാധാനവും’ എന്ന അബ്ദുൾ കലാമിന്റെ വാക്കുകളെയാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്. കൊച്ചിൻ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഐഎൻഎസ് വിക്രാന്തിന്റെ കഴിവിനെപ്പറ്റിയും രാജ്യത്തിന്റെ അതുല്യമായ നേട്ടത്തെപ്പറ്റിയും അദ്ദേഹം അഭിമാനപൂർവ്വം പ്രശംസിച്ചു.
തദ്ദേശീയ സാങ്കേതിക വിദ്യകളിലൂടെ ഇത്രയും വലിയ വിമാനവാഹിനിക്കപ്പൽ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘത്തിൽ ഇന്ത്യയും ഭാഗമായിരിക്കുകയാണ്. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് ഒരു പുതിയ ആത്മവിശ്വാസമാണ് പകർന്നിരിക്കുന്നത്. ഭാരതത്തിന്റെ നാവികസേന കൂടുതൽ ശക്തിപ്പെടുമെന്നും അയൽ രാജ്യങ്ങൾ നമ്മെ ഉടൻ തന്നെ വ്യാപാര-സൗഹൃദ രാജ്യമായി തിരഞ്ഞെടുക്കുമെന്നും പറഞ്ഞ നരേന്ദ്രമോദി അബ്ദുൾ കലാമിന്റെ വാക്കുകളും അനുസ്മരിച്ചു.
സമാധാനപ്രിയരായ രാജ്യങ്ങൾക്ക് പോലും പ്രതിരോധശേഷി ആവശ്യമാണ്. ഈ സത്യം വ്യക്തമാക്കുന്ന അബ്ദുൾ കലാമിന്റെ വാക്കുകളാണ് നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞത്. ‘ഒരിക്കൽ എപിജെ അബ്ദുൾ കലാമിനോട് ഒരാൾ ചോദിച്ചു, നിങ്ങൾക്ക് സമാധാനം ഇഷ്ടപ്പെടുന്ന വ്യക്തിത്വമുണ്ട്, പിന്നെ എന്തിനാണ് നിങ്ങൾക്ക് ആയുധങ്ങൾ?. ഇതിന് കലാം നൽകിയ മറുപടി, ശക്തിയും സമാധാനവും, രണ്ടും ആവശ്യം” എന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് ഭാരതം, ശക്തിയും പരിവർത്തനവും കൈകോർത്ത് മുന്നോട്ട് നീങ്ങുന്നു. സമാധാനവും സുരക്ഷിതവുമായ ഒരു ലോകത്തിലേക്ക് ഇന്ത്യ നയിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments