ന്യൂഡൽഹി:ഡിജിറ്റൽ ഇടപാടുകളിൽ രാജ്യം ബൃഹത് നേട്ടങ്ങൾ കൈവരിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ധനസഹായങ്ങളും മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിച്ച പദ്ധതിയായ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിൽ(ഡിബിടി) വൻ മുന്നേറ്റം സൃഷ്ടിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 90 ലക്ഷം രൂപയുടെ ഇടപാടുകളാണ് രാജ്യത്ത് നടത്തിയത്.
ജനങ്ങളുടെ ജീവിതം സാങ്കേതിക വിദ്യയുടെ സഹായത്താൽ മെച്ചപ്പെടുത്തുന്ന രാജ്യവും ആഗോള തലത്തിൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമാണ് ഇന്ത്യയെന്ന് കേന്ദ്ര വിവര വിനിമയമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 2013 മുതൽ 24.8 ലക്ഷത്തിലധികം രൂപയുടെ ഡിബിടി ഇടപാടുകളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ഡിജിറ്റലായി എല്ലാ മാസവും വിവിധ സബ്സിഡികൾ വിതരണം ചെയ്യുന്നു. പ്രധാനമന്ത്രി കിസാൻ പദ്ധതിയ്‌ക്ക് കീഴിൽ 110 ദശലക്ഷത്തിലധികം കർഷകർക്ക് ഓരോ പാദത്തിലും ഡിജിറ്റലായി പണം കൈമാറുന്നു. ജൻധൻ അക്കൗണ്ടുകളുള്ള 220 ദശലക്ഷത്തിലധികം സ്ത്രീകൾക്ക് ഇന്ത്യ പണം കൈമാറി.2021-22 വർഷത്തിൽ 8,840 കോടിയിലധികം ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളും 2022-23 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,300 കോടിയിലധികം ഇടപാടുകളും നടന്നതായി കേന്ദ്രം അറിയിച്ചു.
ജർമൻ സർക്കാർ പൗരന്മാർക്ക് പണം കൈമാറുന്നതിലെ പ്രശ്‌നങ്ങളെ കുറിച്ച് ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റർ ക്രിസ്റ്റ്യൻ ഒഡെൻഡാലിന്റെ ട്വിറ്ററിൽ കുറിച്ചിരുന്നു. ബാങ്കിംഗ് സംവിധാനത്തിലെ ഐഡിയും നികുതി ഐഡികളും തമ്മിൽ പൊരുത്തപ്പെടാത്തതിനാലാണ് ജർമനിയിൽ ഡിജിറ്റൽ മേഖലയിൽ പ്രശ്‌നങ്ങളുണ്ടായത്. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെ മാതൃകയാക്കണമെന്നാണ് നിരവധി ഉപയോക്താക്കൾ പോസ്റ്റിന് കമന്റായി നിർദേശിച്ചത്.
Comments