തിരുവനന്തപുരം : കെഎസ്ആർടിസി ജീവനകാർക്ക് കൂപ്പൺ അനുവദിച്ച് ഉത്തരവിറങ്ങി. ശബളം മുടങ്ങിയ കെഎസ്ആർടിസി ജീവനകാർക്ക് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് കൂപ്പൺ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനാനുപാതികമായാണ് കൂപ്പൺ അനുവദിക്കുന്നത്. താൽപര്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ അനുവദിച്ചിരിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ജില്ലാ അധികാരികൾ ഒരുക്കണം എന്ന് എംഡി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സർക്കാരിന്റെ ഈ നടപടി.ശമ്പളത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ് ആദ്യഘട്ടമായി നൽകേണ്ടത്.ബാക്കി തുക കൂപ്പണുകളും വൗച്ചറുകളുമായി നൽകാനുമാണ് ഹൈക്കോടതി നിർദേശിച്ചത്. അതേസമയം കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശ്ശികയായി തന്നെ നിലനിൽക്കും.
Comments