ഗുവാഹട്ടി: അസമിൽ ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു മദ്രസ കൂടി കണ്ടെത്തിയതായി വിവരം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മദ്രസകളിൽ പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് ബംഗ്ലാദേശി ഭീകരസംഘടനയായ അൻസൽ ഉൾ ബംഗ്ലയുമായി ബന്ധമുള്ള മദ്രസ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
അസമിലെ ഗോൾപുര ജില്ലയിലെ മദ്രസയാണ് സംശയത്തിന്റെ നിഴലിലുള്ളത്. പഖിയുറയിലെ ദർഗാർ അൽഗ മദ്രസയിൽ വിശദമായ പരിശോധനയ്‌ക്കായി നാട്ടുകാരും പോലീസുമെത്തിയപ്പോൾ രണ്ട് അദ്ധ്യാപകർ ഓടി രക്ഷപ്പെട്ടത് സംശയം ബലപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശികളാണെന്നായിരുന്നു അദ്ധ്യാപകർ നാട്ടുകാരോട് പറഞ്ഞിരുന്നത്.
എന്നാൽ കുറച്ചുദിവസങ്ങളായി അദ്ധ്യാപകരുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടുത്ത ദിവസം തിരിച്ചറിയൽ രേഖകൾ ഹാജരാക്കാനും നാട്ടുകാർ ആവശ്യപ്പെട്ടു. പിന്നാലെ അദ്ധ്യാപകരായ ജഹാംഗീർ ആലം,അമിനുൾ ഇസ്ലാം എന്നിവർ ഓടിപ്പോവുകയായിരുന്നു.
ഓടിപ്പോയ രണ്ട് അദ്ധ്യാപകരും ഒന്നര വർഷത്തോളമായി മദ്രസയോട് ചേർന്നുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഭീകര സംഘടനയായ അൻസൽ ഉൾ ബംഗ്ലയുമായി ബന്ധമുള്ള അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ മദ്രസയോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
















Comments