ബംഗളൂരു: ചൈനീസ് ലോൺ ആപ്പുകൾ വഴി പണം തട്ടിയ കേസിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. ബംഗളൂരു നഗരത്തിലെ ആറ് ഇടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. റേസർപേ പ്രൈവറ്റ് ലിമിറ്റഡ്, കാഷ്ഫ്രീ പേയ്മെന്റ്, പേടിഎം പേയ്മെന്റ് സർവീസസ് ലിമിറ്റഡ്, ചൈനീസ് പൗരന്മാർ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.വിവിധയിടങ്ങളിൽ നിന്നായി 17 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തു.
മൊബൈൽ ആപ്പുകൾ വഴി ചെറിയ തുക വായ്പ നൽകി പൊതുജനങ്ങളെ കെണിയിൽ വീഴ്‌ത്തിയതുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരത്തിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 18 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്.
വെബ്സൈറ്റിൽ വ്യാജ വിലാസങ്ങൾ നൽകിയാണ് കമ്പനികൾ പ്രവർത്തിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഇവ നിയന്ത്രിക്കുന്നതും ചൈനീസ് പൗരന്മാരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇന്ത്യൻ പൗരന്മാരെ ചൈനീസ് കമ്പനികളുടെ ഡമ്മി ഡയറക്ടർമാരാക്കിയാണ് പണം തട്ടിയിരുന്നത്. പേയ്മെന്റ് ഗേറ്റ് വേകൾ,ബാങ്കുകൾ എന്നിവിടങ്ങളിലെ മർച്ചന്റ് ഐഡികളിലൂടെയാണ് നിയമവിരുദ്ധ ബിസിനസ്സ് നടത്തിയിരുന്നത്.
















Comments