വാഷിംഗ്ടൺ: കൂട്ടുകാരന്റെ കൂടെ മരം മുറിക്കുന്നതിനിടയിൽ തേനീച്ച കൂടു തകർത്തതിനെ തുടർന്ന് യുവാവിനെ കൂട്ടം കൂടി ആഫ്രിക്കൻ തേനീച്ചകൾ കുത്തി പരിക്കേൽപ്പിച്ചു. കൊലയാളി തേനീച്ചയിൽ നിന്നും 20000-ഓളം കുത്തുകളാണ് ഇയാൾക്ക് കിട്ടിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 വയസുകാരനായ ബെല്ലമി ഗുരുതരാവസ്ഥ മറികടന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂട്ടുകാരനൊപ്പം മരം മുറിക്കാൻ കയറുമ്പോൾ അബദ്ധം പറ്റി തേനീച്ച കൂട്ടിൽ വെട്ടുകയായിരുന്നു. നൂറുകണക്കിന് തേനീച്ചകൾ ബെല്ലമിയെ പൊതിയുകയും വളഞ്ഞിട്ട് കുത്തി തവിടു പൊടിയാക്കുകയുമായിരുന്നു. പ്രാണരക്ഷാർത്ഥം കയ്യിൽ കിട്ടിയ തേനീച്ചകളെ അദ്ദേഹം വിഴുങ്ങുകയും ചെയ്തു.
തേനീച്ചകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി അമ്മ അഗ്നിശമന സേനയെ വിളിക്കുകയും അവർ വന്നു ബെല്ലമിയെ മരത്തിൽ നിന്നും താഴെയിറക്കുകയും ചെയ്തു. തേനീച്ചകൾ കുത്തി ശരീരം ഫുട്ബോൾ പോലെ ആയെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ബെല്ലമിയെ ഒഹായോയിലെ സിൻസിനാറ്റിയിലെ ആശുപത്രിയിൽ ഹെലികോപ്റ്റർ വഴി എത്തിച്ചു.
മരണത്തോട് മല്ലടിച്ച് ഒരാഴ്ചയോളം അദ്ദേഹം കോമ അവസ്ഥയിൽ ആശുപത്രിയിൽ കിടന്നു. വിദഗ്ധ ചികിത്സ നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ നിന്നും തിരികെ കൊണ്ടുവരാൻ സാധിച്ചു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് മെല്ലമിയുടെ കുടുംബം.
Comments