ദുബായ്: കാൽമുട്ടിന് പരിക്കേറ്റ് ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ട്വൻ്റി 20 ലോകകപ്പിൽ കളിക്കില്ല എന്ന് ഇപ്പോൾ തീർത്ത് പറയാൻ സാധിക്കില്ല എന്ന് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ജഡേജ ഇപ്പോഴും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജഡേജയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പൂർണ്ണമായ ഒരു ചിത്രം ലഭ്യമാകുന്നത് വരെ ഒന്നും തീർത്തു പറയാനാവില്ലെന്നും ദ്രാവിഡ് പറഞ്ഞു. ഒക്ടോബറിലാണ് ട്വൻ്റി 20 ലോകകപ്പ്.
അതേസമയം, ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 5 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. തോൽവിക്ക് പകരം വീട്ടാനുള്ള ശ്രമത്തിലാണ് പാകിസ്താൻ. എ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ എത്തുന്നത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് പാകിസ്താൻ.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. 4 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം.
Comments