ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം അന്താരാഷ്‌ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് വിരമിക്കലെന്ന് താരം അറിയിച്ചു. ഫ്രാഞ്ചൈസി ലീഗുകളിൽ തുടർന്നും കളിക്കുമെന്നും റഹിം വ്യക്തമാക്കി.
ട്വൻ്റി 20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഒരു കളിപോലും ജയിക്കാതെ ബംഗ്ലാദേശ് പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ നിലവിലെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളായ മുഷ്ഫിഖുർ റഹിമിന്റെ വിരമിക്കൽ പ്രഖ്യാപനം.
ബംഗ്ലാദേശിനായി 102 ട്വൻ്റി 20 മത്സരങ്ങളിൽ നിന്നായി 19.23 ശരാശരിയിൽ 1500 റൺസ് റഹിം നേടിയിട്ടുണ്ട്. ക്രിക്കറ്റിലെ ദുർബലർ എന്ന അവസ്ഥയിൽ നിന്നും ഇന്ന് കാണുന്ന തരത്തിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റിനെ മാറ്റിയതിൽ സുപ്രധാന പങ്കു വഹിച്ച താരമാണ് മുഷ്ഫിഖുർ റഹിം. ആക്രമണോത്സുകത കളിക്കളത്തിലും പുറത്തും അലങ്കാരമായി കൊണ്ടു നടക്കുന്ന താരം എന്നാണ് റഹിം വിശേഷിപ്പിക്കപ്പെടുന്നത്. റഹിമിന്റെ അമിതാവേശം പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
Comments