മൊഹാലി: മൊഹാലി മേളയോടനുബന്ധിച്ച് സ്ഥാപിച്ച ആകാശ ഊഞ്ഞാൽ തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ഗുരുതര പരിക്കുകളോടെ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പരിപാടിയുടെ സംഘാടകർ മുങ്ങിയതായും അവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
മൊഹാലിയിൽ സംഘടിപ്പിച്ച മേളയിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി ഉല്ലസിക്കുന്നതിനാവശ്യമായി നിരവധി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാതെയാണ് മേള സംഘടിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. സെപ്തംബർ 4 വരെയാണ് പരിപാടി നടത്തുവാൻ സംഘാടകർക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും മേള തുടർന്ന് കൊണ്ടുപോവുകയായിരുന്നു എന്ന് അധികൃതർ സൂചിപ്പിക്കുന്നു.
ആകാശ ഊഞ്ഞാൽ 50 അടി ഉയരത്തിൽ സ്ഥാപിക്കുകയും ആളുകളെ കുത്തി നിറച്ചു കയറ്റുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. കൃത്യമായ സുരക്ഷ ഏർപ്പെടുത്താതെയാണ് ഇവ ഘടിപ്പിച്ചിരുന്നത്. മേള നടത്താൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും ഉദ്യോഗസ്ഥർ അനുമതി നൽകിയത് ചർച്ചയായിട്ടുണ്ട്. മുങ്ങിയവർക്കായി തിരച്ചിൽ നടത്തുകയും ഇവർക്കെതിരെ വിവിധ വകുപ്പുകളിലായി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചരുടെ നിലയിൽ പുരോഗതി ഉണ്ടെന്ന് ഡോ സുഭാഷ് പറഞ്ഞു.
















Comments