ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയെ കേന്ദ്ര മന്ത്രി ദർശന ജർദോഷ് സ്വീകരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയെ സ്വീകരിച്ച നർത്തകർക്കൊപ്പം അവർ ഫോട്ടോ എടുത്തത് ശ്രദ്ധേയമായി. ഇന്ത്യയുമായി ദൃഢമായ ബന്ധം സൂക്ഷിക്കാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി , രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജദീപ് ധൻഖർ, വിദേശകാര്യ മന്ത്രി എം ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യയുമായി പ്രതിരോധം , ഊർജ്ജം, സുരക്ഷ, കണക്ടിവിറ്റി, ശാസ്ത്രം, സാങ്കേതിക വിദ്യ, വാണിജ്യം, വ്യവസായം, പ്രതിരോധം തുടങ്ങി നിരവധി വിഷയങ്ങളും ചർച്ച നടത്തും. കുഷിയറ നദിയിലെ ഇടക്കാല ജല വിതരണം കൂടുതൽ വിപുലമാക്കുന്നതിനായുള്ള കരാറിൽ ഒപ്പു വെയ്‌ക്കും. അഖൗറ – അഗർത്തല റെയിൽവേ ഗതാഗതം വീണ്ടും പുനരാരംഭിക്കും. അഗർത്തല-ചിറ്റഗോംഗ് വിമാന സർവ്വീസുകൾ നടത്താൻ കഴിയും തുടങ്ങിയ നിരവധി വിഷയങ്ങളകും ചർച്ച ചെയ്യാൻ ഇടയുള്ളതെന്ന് കരുതുന്നു.
ബംഗ്ളാദേശുമായി ഇന്ത്യ മികച്ച ബന്ധമാണ് നിലനിർത്തി പോരുന്നത്. രാജ്യം പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ നിരവധി സഹായങ്ങളാണ് നൽകിയത്. കൊറോണ മഹാമാരി സമയത്ത് സൗജന്യമായി വാക്സിനുകൾ , സാമ്പത്തിക സഹായം എന്നിവ നൽകി, യുക്രെയ്‌നിൽ കുടുങ്ങി കിടന്ന ബംഗ്ലാദേശ് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സഹായിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യൻ സർക്കാരിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.
Comments