ന്യൂഡൽഹി: രാജ്പഥിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാണ് പുനർനാമകരണം ചെയ്യുന്നത്. നേതാജി പ്രതിമ മുതൽ രാഷ്‌ട്രപതി ഭവൻ വരെയുള്ള വഴിയാണ് രാജ്പഥ്. പുതുക്കി പണിത രാജ്പഥ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റം.
ബ്രിട്ടീഷ് ഭരണാധികാരിയോടുള്ള ആദരസൂചകമായിട്ടാണ് ആ വഴിയ്‌ക്ക് പണ്ട് രാജ്പഥ് എന്ന് പേരിട്ടിരുന്നത്. 1911 ൽ ഡൽഹി സന്ദർശിച്ച ബ്രിട്ടീഷ് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാനാർത്ഥമാണ് രാജ്പഥ് അഥവാ കിംഗ്‌സ് വേ എന്നാക്കിയത്.
രാജ്യത്തെ കോളനിവൽക്കരണത്തിന്റെയും അടിമത്വത്തിന്റെയും അടയാളങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പാതയുടെ പേര് മാറ്റുന്നത്.
കഴിഞ്ഞ ദിവസം ഐഎൻഎസ് വിക്രാന്ത് നാവികസേനയ്‌ക്ക് സമർപ്പിക്കുന്നതിനോടൊപ്പം നാവികസേനയുടെ പുതിയ കൊടിയടയാളം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. കൊളോണിയൽ ഭൂതകാലത്തെ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയുന്ന ചിഹ്നമാണ് പ്രധാനമന്ത്രി അനാവരണം ചെയ്തത്. ഇതിന് പിന്നാലെയാണ് ഭരണസിരാകേന്ദ്രത്തിലേക്കുള്ള വഴിയുടെ പേരും മാറ്റുന്നത്.
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊളോണിയൽ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അടയാളങ്ങളും ഇല്ലാതാക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഊന്നിപ്പറഞ്ഞിരുന്നു.
Comments