ന്യൂഡൽഹി: മദ്യനയ അഴിമതിയിൽ അന്വേഷണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി സിബിഐ. തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള സമ്മർദ്ദത്തെ തുടർന്ന് സിബിഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു മനീഷ് സിസോദിയയുടെ വാദം.
സിബിഐയിലെ ലീഗൽ അഡൈ്വസറായ ജിതേന്ദ്രകുമാർ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തുവെന്നായിരുന്നു മനീഷ് സിസോദിയ പത്രസമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഡൽഹി ഉപമുഖ്യമന്ത്രി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സിബിഐ വ്യക്തമാക്കി.
മനീഷ് സിസോദിയയുടെ ഈ വികൃതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനയെ സിബിഐ ശക്തമായി തള്ളുന്നു. അന്തരിച്ച ജിതേന്ദ്ര കുമാറിന് ഈ കേസിന്റെ അന്വേഷണവുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് സിബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.സിസോദിയയുടെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന,ഡൽഹി മദ്യനയ കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് സിബിഐ കുറ്റപ്പെടുത്തി.
ഒരു സിബിഐ ഉദ്യോഗസ്ഥനുമേൽ എന്നെ കള്ളക്കേസിൽ കുടുക്കാൻ സമ്മർദ്ദം ചെലുത്തി.മാനസിക സമ്മർദ്ദം താങ്ങാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തു. എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്രയധികം സമ്മർദ്ദം ചെലുത്തി ഇത്ര നടപടികളെടുക്കുന്നതെന്ന് എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആഗ്രഹമുണ്ട്.’ എന്നായിരുന്നു മനീഷ് സിസോദിയയുടെ പ്രസ്താവന. ഇതാണ് സിബിഐ പൂർണ്ണമായും തള്ളിയത്.
















Comments