സദ്യകളിലെ പ്രതാപിയാണ് പപ്പടം. കുഞ്ഞുണ്ണി മാഷിന്റെ വരികൾ കടമെടുത്താൽ
”പരത്തി പറഞ്ഞാൽ പർപ്പടം
ഒതുക്കി പറഞ്ഞാൽ പപ്പടം
വേഗം പറഞ്ഞാൽ പപ്പടം
ചുട്ടെടുതൊന്നമർത്തിയാൽ പ്ടം”
പപ്പടമില്ലാതെ മലയാളികൾക്ക് എന്ത് സദ്യ?. ഈ ചോദ്യം ഏറ്റവും കൂടുതൽ പ്രസക്തമാക്കുന്നത് ആയിരുന്നു അടുത്തിടെ ഹരിപ്പാട് കല്യാണ സദ്യയ്‌ക്കിടെ പപ്പടത്തിന്റെ പേരിൽ നടന്ന പൊരിഞ്ഞ അടി. രണ്ടാമത് പപ്പടം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതായിരുന്നു തല്ലിന് കാരണം. എന്നാൽ പപ്പടം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യില്ലെന്നാണ് ആരോഗ്യവിദഗ്ധർ തന്നെ പറയുന്നത്.
ഉഴുന്ന് ഉപയോഗിച്ചാണ് പപ്പടം നിർമ്മിക്കുന്നത്. എന്നാൽ തീപിടിച്ച വിലയായതിനാൽ ഇന്ന് ഉഴുന്നിന് പകരമായി മൈദയാണ് പപ്പട നിർമ്മാണത്തിനായി കൂടുതൽ ഉപയോഗിക്കുന്നത്. ഇത് ദഹന പ്രശ്‌നങ്ങൾക്കും കുടൽ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. സോഡിയം ബൈക്കാർബണേറ്റാണ് പപ്പടത്തിൽ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന വസ്തു. ഇതാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വില്ലൻ. പപ്പടം കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടിയാണ് സോഡിയം ബൈക്കാർബണേറ്റ് പപ്പടത്തിൽ ചേർക്കുന്നത്.
പപ്പടത്തിൽ ചേർക്കുന്ന കാരം പ്രത്യേകമായി ഉണ്ട്. ഇത് കട്ടക്കാരം എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇത് ചേർത്തുണ്ടാക്കുന്ന പപ്പടം വേഗത്തിൽ കേടുവരും. ഇതേ തുടർന്നാണ് വ്യാപകമായി സോഡിയം ബൈക്കാർബണേറ്റ് അഥവാ സോഡാക്കാരം ഉപയോഗിക്കുന്നത്. കുടലിലെ ക്യാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാർബണേറ്റ്. സോഡിയം കാർബണേറ്റ് കുടലിൽ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അൾസർ, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്കും ഇത് വഴിവെക്കും. അതിനാൽ പപ്പടം പതിവാക്കുന്നത് നന്നല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
എണ്ണയിൽ കാച്ചിയാണ് പപ്പടം ഉപയോഗിക്കുക. ഇത് പതിവാക്കുന്നത് കൊളസ്‌ട്രോളിനും കാരണമാകും. എന്നാൽ പപ്പടം ചുട്ടുകഴിക്കുന്നത് അത്ര ദോഷം ഉണ്ടാക്കില്ല. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും മലയാളിക്ക് പപ്പടം ഒഴിവാക്കിയുളള ഓണസദ്യയില്ല. അതുകൊണ്ടു തന്നെ ഓണക്കാലത്ത് പപ്പടത്തിനും വലിയ ഡിമാന്റാണ് ഉണ്ടാകുന്നത്.
















Comments